കോഴിക്കോട്:വലിയങ്ങാടിയില്‍ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി മനാഫ് കാപ്പാട്, കോഴിക്കോട് ജില്ലാ ട്രഷറര്‍ കബീര്‍ എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
വലിയങ്ങാടിയില്‍ നിലവില്‍ ഇരുന്നൂറോളം കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മിക്കവയും അവശ്യസാധനങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇതിനിടയില്‍ നാലോ അഞ്ചോ ഹാര്‍ഡ് വേര്‍ ഷോപ്പുകള്‍ മാത്രമാണുള്ളത്. ഇത് വ്യാപാരികള്‍ തുറക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് എത്തി സ്ഥാപനങ്ങള്‍ അടപ്പിക്കുകയും വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന്‍ സ്ഥലത്തെത്തി പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ ഫസ്റ്റ് ജാമ്യത്തില്‍ വിടാന്‍ ധാരണയായിട്ടുണ്ട്.
വലിയങ്ങാടിയില്‍ അവശ്യസാധന ഗണത്തില്‍ പെടാത്ത വ്യാപാരമേഖല നിശ്ചലമാണ്.കഴിഞ്ഞ 27 ദിവസമായി തുടര്‍ച്ചയായി ഇവിടെ ലോക് ഡൗണ്‍ കാരണം മറ്റു കടകള്‍ തുറന്നിട്ടില്ല. കൊവിഡ് കാരണം പൊതുവെ വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന വേളയിലാണ് വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കപ്പെടുന്നത് എന്നാണ് വ്യാപാരികളുടെ പരാതി.