Politics
ലഹരിക്കെതിരെ നിർമിത ബുദ്ധി; പദ്ധതിയുമായി കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: സമൂഹത്തെ വിഷലിപ്തമാക്കി കാർന്നുതിന്നുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കൈകോർക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാന്‍ സർക്കാർ ആരംഭിച്ച ഏകോപിത കാമ്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലോകമെങ്ങും നിരോധിത ലഹരികളുടെ വ്യാപനം അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നവീന സങ്കേതങ്ങളിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് നിയമപാലന സംവിധാനങ്ങളുടെ നേതൃത്വത്തിൽ ലഹരിക്കണ്ണികൾ പൊട്ടിക്കുകയും അതുവഴി ലഹരിവ്യാപനം തടയുകയുമാണ് ലക്ഷ്യം. പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കെടുതികൾ നേരിടാൻ ജനതയ്ക്ക് ചാലകശക്തിയായ കേരളത്തിലെ മാധ്യമസമൂഹം നവദുരന്തമായ ലഹരിക്കെടുതിയെ നേരിടുന്നതിലും ഭരണകൂടവുമായി കൈകോർത്ത് സമൂഹത്തിന് പുതിയ ദിശാബോധം പകരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്‍റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സ്റ്റാർട്ടപ്പ് സംരംഭമായ Zuper AI സി.ഇ.ഒ അരുൺ പെരൂളി എന്നിവർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സമഗ്ര കര്‍മപദ്ധതിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ലഹരി വിപത്തിനെതിരെ തയാറാക്കുന്നത്. കേവല പങ്കാളിത്തം എന്നതിലുപരി സമൂഹത്തിന് ഉപകാരപ്രദമാകുന്ന, നാളേക്ക് ലഹരിവിമുക്ത തലമുറകളെ സൃഷ്ടിക്കാന്‍ ഉതകുന്ന ദീര്‍ഘകാല പദ്ധതി എന്ന നിലയിലാണ് ഈ നീക്കം. കേരളത്തില്‍ വിവിധ മാധ്യമങ്ങള്‍ ലഹരിക്കെതിരെ പ്രശംസനീയ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാന പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തക യൂണിയന്‍റെ നേതൃത്വത്തിൽ നവീനമായ ലഹരി വിരുദ്ധ പദ്ധതി ആവിഷ്കരിക്കുന്നത് ആദ്യമായാണ്.