മിന്നല്‍ മുരളി റിലീസ് ചെയ്തതിന് പിന്നാലെ സിനിമാപ്രേമികള്‍ക്കിടയിലെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ടൊവിനോ. തിയേറ്റര്‍ കയ്യടികളില്‍ നിന്നും ഒടിടിയുടെ ലോകത്തേക്ക് മിന്നല്‍ മുരളിക്ക് ചുരുങ്ങേണ്ടി വന്നെങ്കിലും ഇടിവെട്ടേറ്റ പോലെയായിരുന്നു പ്രേക്ഷകര്‍ക്ക് സിനിമ നല്കിയ അനുഭവം. കടല്‍കടന്നും മിന്നല്‍ മുരളി മുന്നേറുമ്പോള്‍ ആരാദകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുബായിലെ ഐന്‍ ദുബൈ എന്ന ആകാശ വീലില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്ശിപ്പുകൊണ്ടാണ് മിന്നല്‍ മുരളിയെ സിനിമാ പ്രേമികള്‍ക്കിടയിലേക്ക് ബേസില്‍ പരിചയപ്പെടുത്തിയത്.
അതുവരെയുണ്ടായിരുന്ന മലയാളസിനിമകള്‍ക്ക് ലഭിച്ചതിനേക്കാള്‍ വലിയ തരത്തിലുള്ള പ്രമോഷനുകളാണ് ചിത്രത്തിനായി ഒരുക്കിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ ടൊവിനോ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. നെറ്റ്ഫ്ലിക്സ് ഒരുക്കിയ പരിപാടിക്ക് പുറപ്പെടും മുന്‍പേ ‘മിന്നല്‍ മുരളിക്ക് കുറുപ്പ് തന്ന സമ്മാനം’ എന്നും പറഞ്ഞ് ടൊവിനോ ഒരു വാച്ച് ഉയര്‍ത്തി കാണിച്ചു.
പിന്നാലെ തനിക്ക് തന്ന ഗിഫ്റ്റിന് ദുല്‍ഖറിന് ടൊവിനോ തോമസ് നന്ദിയറിയിക്കുകയും ചെയ്തുള്ള വീഡിയോ എത്തിയതോടെ ടൊവിനോയുടെയും ദുല്‍ഖറിന്റെയും ആരാധകര്‍ വലിയ ആവേശത്തോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Hublot ന്റെ ബിഗ് ബാംഗ് യൂണികോ വാച്ചാണ് ടൊവിനോയ്ക്ക് ദുല്‍ഖര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്. വാച്ചിന്റെ വില തപ്പി ഇറങ്ങിയവരാകട്ടെ മിന്നലടിച്ച അവസ്ഥയിലാണ്. ഏകദേശം 10 ലക്ഷത്തോളം വരും വാച്ചിന്റെ വില.
2021 ല്‍ ഇറങ്ങിയ മറ്റൊരു ത്രില്ലര്‍ സിനിമയായിരുന്നു ദുല്‍ഖറിനെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച കുറുപ്പ്. സുകുമാര കുറുപ്പിന്റെ കഥ അടിസ്ഥാനമാക്കിയെടുത്ത കുറുപ്പില്‍ ടൊവിനോ ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ചിത്രത്തില്‍ കൊല്ലപ്പെടുന്ന ചാക്കോ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.