
തോട്ടുമുക്കം : പ്രദേശത്ത് ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ പാച്ചിൽ അപകട ഭീഷണി ഉയർത്തുന്നതിൽ കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം മേഖലാ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. ധാരാളം ക്വാറികളും ക്രഷറുകളും ഉള്ള ഈ പ്രദേശത്തു നിന്നാണ് കോഴിക്കോട് മലപ്പുറം ജില്ലകൾക്ക് പുറമെ മറ്റ് സമീപ ജില്ലകളിലേക്കും വലിയ ഭാരവാഹനങ്ങളിൽ കരിങ്കല്ലും എം സാൻഡും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ എത്തുന്നത്. ഈ ഭാരവാഹനങ്ങൾ പലപ്പോഴും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാവേളയിൽ രാവിലെയും വൈകിട്ടും നിലവിൽ നിയന്ത്രണം ഉണ്ടെങ്കിലും അത് പലപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നില്ല. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം മൂന്നര മുതൽ 5 മണി വരെയും സ്കൂൾ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ നിരത്തിലൂടെ ഓടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം മേഖല പ്രസിഡണ്ട് സാബു വടക്കേപ്പടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി ജയിംസ് തൊട്ടിയിൽ താമരശ്ശേരി രൂപത വൈസ് പ്രസിഡണ്ട് തോമസ് മുണ്ടപ്ലാക്കൽ തോട്ടുമുക്കം യൂണിറ്റ് പ്രസിഡണ്ട് ഷാജു പനക്കൽ ചുണ്ടത്തുംപൊയിൽ യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് പാറേകോങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.