കോഴിക്കോട്: ലോകഹൃദയദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഒരു മൊബൈല്‍ ആപ്പ്. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലാണ് ഹാര്‍ട്ട്‌ഫെയ്‌ലിയര്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി പ്രത്യേകമായ ഹാര്‍ട്ട് ഫെയ്‌ലിയര്‍ യൂണിറ്റ് ആരംഭിക്കുകയും അതിനു മാത്രമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തത്. രാജ്യത്ത് ആദ്യത്തേതായിരിക്കും ഇത്തരമൊരു മൊബൈല്‍ ആപ്പ്.
ഹാര്‍ട്ട്‌ഫെയ്‌ലിയറിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ രോഗികളിലേക്ക് എളുപ്പം എത്തിക്കാനും മറ്റു തകരാറുകള്‍ വരാതെ സൂക്ഷിക്കാനുള്ള മുന്നറിവുകള്‍ പകര്‍ന്നു നല്‍കാനും അവശ്യഘട്ടത്തില്‍ ആശുപത്രിയുമായി ബന്ധപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ആപ്ലിക്കേഷന്‍.
ഹാര്‍ട്ട്‌ഫെയ്‌ലിയര്‍ സംഭവിക്കുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരാണ് സംസ്ഥാനത്തെ തന്നെ ആദ്യ സംരംഭമായ ഹാര്‍ട്ട് ഫെയ്‌ലിയര്‍ യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഐ.സി.യു., പ്രത്യേക പരിശീലനം സിദ്ധിച്ച നഴ്‌സുമാര്‍, സാങ്കേതിക ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് യൂണിറ്റ്. സമയാസമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ രോഗികള്‍ക്ക് നല്‍കിക്കൊണ്ട് ഹാര്‍ട്ട്‌ഫെയ്‌ലിയര്‍ വരാതെ കാക്കാനും വന്നാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും രോഗികളെ അറിയിക്കുകയാണു ലക്ഷ്യമാക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സമഗ്രചികിത്സാ സംവിധാനം നിലവില്‍ വരുന്നത്. ചികിത്സയ്ക്ക് ശേഷവും ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം എളുപ്പമാക്കുന്നതിനും സുദൃഢമാക്കുന്നതിനും സഹായിക്കുന്നതാണ് മൊബൈല്‍ ആപ്പ്. രോഗികള്‍ക്കു മാര്‍ഗ്ഗനിര്‍ദേശം ലഭിക്കുന്നതിനു പുറമെ ആപ്പ് വഴി ഡോക്ടറെ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. പ്രത്യേക പരിചരണം ലളിതമായ മാര്‍ഗ്ഗത്തിലൂടെ നല്‍കുക എന്നതാണ് ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കുറച്ചു വര്‍ഷങ്ങളായി മരണപ്പെടുന്നവരില്‍ ചെറുപ്പക്കാരുടെയും മധ്യവയ്‌സ്‌കരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ഹൃദയതകരാറുകള്‍ കൊണ്ടും പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ വാതരോഗങ്ങള്‍ തുടങ്ങിയവ കൊണ്ടും ഹാര്‍ട്ട്‌ഫെയ്‌ലിയര്‍ സംഭവിക്കുന്നവരുടെ എണ്ണം രാജ്യത്ത് 1.3 മുതല്‍ 4.6 ദശലക്ഷം വരെയാണ്.
മിടിപ്പ് നിലയ്ക്കുന്നതിന് മുമ്പ് തന്നെ ഹൃദയത്തെക്കുറിച്ചും ഹൃദ്രോഗങ്ങളെക്കുറിച്ചും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ചും ജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ യൂണിറ്റും മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചതെന്ന് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സാജിദ് യൂനുസ് പറഞ്ഞു.
ഹാര്‍ട്ട്‌ഫെയ്‌ലിയര്‍ എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്ന് മാത്രമല്ലെന്നും ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അപകടരമായ അവസ്ഥയിലേക്കെത്തുന്ന സാഹചര്യമാണെന്നും കാര്‍ഡിയോളജി വിഭാഗം ചെയര്‍മാന്‍ ഡോ. ആശിഷ് കുമാര്‍ മണ്ഡലെ പറഞ്ഞു. രോഗികളെ അവരുടെ വീടുകളിലോ മറ്റൊ ഇരിക്കെ തന്നെ പരമാവധി സേവനങ്ങള്‍ നല്‍കി പരിചരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ സങ്കേതങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി രോഗികളും ഡോക്ടര്‍മാരുമായുള്ള ബന്ധം സുദൃഢമാക്കാനും സുതാര്യമാക്കാനുമാണ് മൊബൈല്‍ ആപ്പും ഹാര്‍ട്ട് ഫെയ്‌ലിയറിനു മാത്രമായുള്ള യൂണിറ്റും ആരംഭിച്ചതെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. സംസ്ഥാനത്തു ലഭിക്കുന്ന ആരോഗ്യപരിരക്ഷയെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുകയാണ് മേയ്ത്ര ഹോസ്പിറ്റല്‍ എന്നും ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിരക്ഷയുടെ കാര്യത്തില്‍ ഓരോ വിഭാഗത്തിനും പരമാവധി മികച്ചതും ആധുനികവുമായ സേവനം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ആരോഗ്യരംഗത്ത് ഡിജിറ്റല്‍ പരിഹാരങ്ങളുമായി എത്തുന്നതെന്ന് ഹോസ്പിറ്റല്‍ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. അലി ഫൈസല്‍ പറഞ്ഞു.
ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഒ.പി. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും. മൊബൈല്‍ ആപ്പ് ഐ.ഒ.എസിലും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലും ലഭിക്കും.
സീനിയര്‍ കണ്‍സല്‍ട്ടന്റുമാരായ ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. അനീസ് താജുദ്ദീന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം ചെയര്‍മാന്‍ ഡോ. മുരളി പി. വെട്ടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.