കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂര് എന്ന മാമിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വിവര ശേഖരണവുമായി പോലീസ്. ക്രമസമാധാന ‘പാലന ചുമതലയുള്ള എഡിജിപി എം.ആർ അജിത്കുമാർ ഇന്നലെ കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. കമീഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനത്തിനിടയിൽമാമിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാം എന്ന സംശയം ചിലർ യോഗത്തിൽ പ്രകടിപ്പിച്ചു. മാമിയുടെ തോളിൽ കൈയിട്ടു നടന്ന ചിലർ, മാമിയുടെ ഡ്രൈവർ കം ബോഡി ഗാർഡ് ആയിരുന്നയാൾ , പ്രവാസി ബന്ധമുള്ള ചിലർ എന്നിവരെ ചുറ്റിപ്പറ്റിയാണ് അവസാന വട്ട അന്വേഷണം. സൈബർ വിംഗിൻ്റെ സഹായത്തോടെ ഫോൺ കോൾ സംബന്ധിച്ച ഓരോ ഇഞ്ചും ഇഴകീറി പരിശോധിച്ച് അന്വേഷണം മുന്നേറുകയാണ്. ചില സംശയങ്ങളാൽ കർണാടകയിലെ കരിങ്കൽ – എം സാൻഡ് ക്വാറികളുമായി ബന്ധമുള്ള ചിലർ നിരീക്ഷണത്തിലാണ്. കേസ് രജിസ്റ്റർ ചെയ്തയാൾ തന്നെ അന്വേഷിച്ചാൽ മതിയെന്ന് മാമിയുടെ ഉറ്റ ബന്ധുക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ മാമിയുടെ തിരോധാന കേസ് മറ്റാർക്കും കൈമാറിയിട്ടില്ല. മുൻപ് ചോദ്യം ചെയ്യലിന് വിധേയരായ ചിലർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ച് പോലീസിനെതിരെ പരാതി നൽകിയതടക്കം എന്തിനാണെന്ന് കണ്ടെത്തുന്നതോടെ മാമിയുടെ തിരോധാനം സംബന്ധിച്ച പുകമറ നീങ്ങും എന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഇതിനിടെ മാമിയെ കണ്ടെത്താനായി ചിലർ രൂപീകരിച്ച വാട്സ്ആപ് കൂട്ടായ്മയിലെ ചിലരുടെ വോയ്സ് ക്ലിപ്പുകൾ അടക്കം പോലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. രഹസ്യാന്വേഷണത്തിൽ പ്രഗത്ഭരായ ഏതാനും പേരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട കുടിപ്പക മൂലം മാമി ആരെയെങ്കിലും ദ്രോഹിച്ചിട്ടുണ്ടോ, അവർ ആരെല്ലാം തുടങ്ങി സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിലുണ്ടായ തർക്കങ്ങളെക്കുറിച്ചും വിവരശേഖരണം നടക്കുന്നുണ്ട്. എത്രയും വേഗം കേസിൻ്റെ ചുരുളഴിക്കാനുള്ള തീവ്രയജ്ഞത്തിലാണ് പോലീസ്. മാമിയുടെ ബന്ധുക്കൾ നൽകിയ ചില നിർണായക വിവരങ്ങൾ ‘പോലിസിന് സഹായകരമായിട്ടുണ്ട്.