മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനാതിർത്തിപ്രദേശമായ ആനക്കാംപൊയിൽ മറിപ്പുഴയിൽ ഫാം ഹൗസുകൾക്ക് നേരെ ആക്രമണം. ഡോ.സാജൻ്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിനും, മെസ്ഹൗസിനും കേടുപാടുകൾ വരുത്തുകയും ജനലുകൾ തകർക്കുകയും വാതിലുകൾ പൊളിച്ചകത്തു കയറി പാത്രങ്ങളുംപലവ്യഞ്ജന സാധനങ്ങളും അപഹരിക്കുകയും ചെയ്തിട്ടുണ്ട്. വളർച്ച എത്തിയ അഞ്ച് മുയലുകളേയും കോഴിഫാമിൽ സൂക്ഷിച്ചിരുന്ന മുട്ടകളും എടുത്ത് കൊണ്ടുപോയി.
ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഫാം അടച്ച് താമസ സ്ഥലത്തേക്ക് പോയ ജോലിക്കാരൻ ഞായറാഴ്ച രാവിലെ 7.30 ന് തിരിച്ചെത്തിയപ്പോൾ ഫാം ഹൗസ് തകർത്തതായി കാണുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. തിരുവമ്പാടി പോലീസിൽ പരാതി നൽകുകയും ചെയ്തു. തിരുവമ്പാടി സബ്ബ്ഇൻസ്പെക്ടർ മനോജിൻ്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാഴ്ച്ച മുൻപ് തൊട്ടടുത്തുള്ള ഹോംസ്റ്റേയിലും സമാനമായ അതിക്രമം നടന്നിട്ടുണ്ട്. മുൻ കാലത്ത് ഇവിടെ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്ന കാര്യം പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളായ ടോമി കൊന്നക്കൻ, വിൽസൺ താഴത്തുപറമ്പിൽ നാട്ടുകാരായ അപ്പച്ചൻ തെക്കെകൂറ്റ്, മനോജ് വാഴേപറമ്പിൽ, മെവിൻ പി സി എന്നിവർ സ്ഥലം സന്ദർശിക്കുകയും ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് .
ചിത്രം: ഫാം ഹൗസിൽ പഞ്ചായത്തധികൃതരും പോലീസും പരിശോധന നടത്തുന്നു