
കോഴിക്കോട് : ബസുകൾ, ബസ് , മാർക്കറ്റ്, മാളുകൾ, തുടങ്ങി പൊതു ഇടങ്ങളിൽ തലപൊക്കി വരുന്ന പൂവാലന്മാരെ തളയ്ക്കാൻ ” ഓപറേഷൻ റോന്ത് ” പദ്ധതിയുമായി കോഴിക്കോട് സിറ്റി പോലീസ്. സ്ത്രീകൾ, വിദ്യാർത്ഥിനികൾ , ആൺ കുട്ടികൾ തുടങ്ങി നിരാലംബർക്കെതിരെ പീഡന പരാതികളും പോക്സോ കേസുകളും വർധിച്ചു വരുന്നത് കണക്കിലെടുത്താണ് സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ, ഡെപ്യൂട്ടി കമീഷണർ അരുൺ കെ പവിത്രൻ എന്നിവരുടെ കർശന മേൽനോട്ടത്തിൽ പൂവാല വിരുദ്ധ സേന രൂപീകരിച്ചത്. സിറ്റി പോലീസിൻ്റെ സോഷ്യൽ പോലീസിങ്ങിൻ്റെ ഭാഗമായാണ് മഫ്ടി പോലീസ് അംഗങ്ങളായ ഓപറേഷൻ റോന്ത് . സിറ്റി – ലൈൻ ബസുകളിലും, ബസ് സ്റ്റാൻ്റുകളിലും, കച്ചവട സ്ഥാപനങ്ങളുടെ പരിസരങളിലും ഇനി വേഷപ്രചന്നരായ വനിതാ- പുരുഷ പോലീസുകാർ ഉണ്ടാകും. അടുത്തിടെ ചില കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആൺകുട്ടികളെ പീഡിപ്പിച്ച വ്യാപാരികൾ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. റോമിയോ വേഷം ധരിച്ച് സിറ്റി ബസുകളിൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്യുന്ന കണ്ടക്ടർമാർ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കണ്ടക്ടർക്ക് നിയമപ്രകാരം യൂനിഫോം അനുവദിച്ചിട്ടുണ്ട്. എന്നാൽ ചില റോമിയോ കണ്ടക്ടർമാർ ഷർട്ടിൻ്റെ ബട്ടൻസ് ഇടാതെയും, സദാ ച്യൂയിങ് ഗം ചവച്ചും, മുടി നീട്ടിവളർത്തിയും മറ്റുമാണ് സിറ്റി ബസുകളിൽ വിഹരിക്കുന്നത്. മാന്യമായതല്ലാത്ത വസ്ത്രധാരണരീതി പിന്തുടരുന്നവരെ ഇനി മഫ്ടി പോലിസ് പിന്തുടർന്ന് പിടികൂടും. തിരക്കുള്ള സമയങ്ങളിൽ മുൻ വശത്തെ വാതിലിലൂടെ മാത്രം ബസിൽ കയറി സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്ന തൈക്കിളവന്മാരും ഇനി പോലീസിൻ്റെ “ചൂടറിയും “ . സിറ്റി പോലിസിലെ ക്രൈം സ്ക്വാഡ്, ഡാൻസാഫ് തുടങ്ങി മല്ലന്മാരായ പോലീസുകാരെ ഉൾപ്പെടുത്തിയാണ് ഓപറേഷൻ റോന്ത് സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. ഇവർ തിങ്കളാഴ്ച്ച മുതൽ സജീവമായി ഡ്യൂട്ടിക്കിറങ്ങും.




