KERALAlocalPoliticstop newsVIRAL

മെഡിക്കൽ കോളജ് മാലിന്യ സംസ്കരണം: കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്ക് കരാർ നീട്ടിനൽകാൻ തർക്കങ്ങൾക്കൊടുവിൽ തീരുമാനം

* വിയോജിപ്പുമായി കെ.സി ശോഭിതയുടെ ഏകാംഗ പ്രതിഷേധം

കോഴിക്കോട് : അമൃത് പദ്ധതി പ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥാപിച്ച മലിനജല സംസ്ക്കരണ പ്ലാൻ്റ് ( STP) പ്രവർത്തനത്തിലെ വീഴ്ച്ച മൂലം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നിർവഹണ കമ്പനിക്ക് ഏതാനും മാസം കൂടി കരാർ നീട്ടി നൽകാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധം.

കോഴിക്കോട് നഗരസഭ അമൃത് 1.0 മെഡിക്കൽ കോളേജ് STP(1 AND 2.1 MLD ) യുടെ O AND M പ്രവൃത്തികൾ ചെയ്‌തുവന്നിരുന്ന നിലവിലെ കരാറുകാരനായിരുന്ന GEWS LCGC എന്ന സ്ഥാപനത്തെ പ്ലാൻ്റ് നടത്തിപ്പിൽ വീഴ്‌ച വരുത്തിയ കാരണത്താൽ 28/01/2026 ലെ നഗരസഭ കൗൺസിലിൻ്റെ 16-ാം നമ്പർ തീരുമാനപ്രകാരം നീക്കം ചെയ്‌തിരുന്നു. പ്രവൃത്തി പുതിയതായി ടെൻഡർ ചെയ്‌തതിലെ സാങ്കേതികത്വം മൂലം വീണ്ടും ടെണ്ടർ ചെയ്യാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. പുതിയ ടെണ്ടർ നടപടികൾ പൂർത്തിയാകുംവരെ നിലവിലെ കമ്പനിക്ക് കരാർ നീട്ടി നൽകുന്നതിനും അതിനുള്ള തുക പാസാക്കാൻ അനുമതി തേടിയുമാണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ അജണ്ട വന്നത്. നീണ്ട വാദ പ്രതിവാദങൾക്കൊടുവിൽ യുഡിഎഫ് കൗൺസിലർ കെ.സി. ശോഭിത ഒഴികെയുള്ളവർ പിന്തുണച്ച് അജണ്ട പാസാക്കുകയായിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നിലവിലെ കമ്പനിക്ക് എന്തിൻ്റെ അടിസ്ഥാനത്തിലായാലും നീട്ടി നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ശോഭിത വിയോജന കുറിപ്പിൽ അഭിപ്രായപെട്ടു. കരാർ റദ്ദ് ചെയ്ത അതേ കമ്പനിക്ക് തന്നെ വീണ്ടും തുടർന്ന് കരാർ നൽകുന്നതിനെ ബി ജെ പി അംഗം ടി. റെനീഷാണ് ആദ്യമായി ചോദ്യം ചെയ്തത്. തുടർന്ന് പ്രതിഷേധവുമായി യുഡിഎഫിലെ കെ.സി ശോഭിത രംഗത്തെത്തി. ഇക്കഴിഞ്ഞ ജനുവരി 28 ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്തിട്ടുണ്ടെന്ന് ശോഭിത ചൂണ്ടിക്കാട്ടി. പുതിയ ടെണ്ടർ നൽകിയതിലെ സാങ്കേതികത്വം പറഞ്ഞ് നിലവിലെ കമ്പനി ഉടമയെ ക്ഷണിച്ചു വരുത്തി യോഗം ചേർന്ന മേയറുടെ നടപടി ശരിയായില്ലെന്നും ശോഭിത പറഞ്ഞു. രണ്ടാമത് നടപടി തുടങ്ങിയ ടെണ്ടർ നടപടി റദ്ദ് ചെയ്ത് , ദേശീയ മാധ്യമങ്ങളിലടക്കം പരസ്യം ചെയ്ത് വീണ്ടും ടെണ്ടർ നടത്താൻ തീരുമാനിച്ചതായും ആകാലയളവിൽ മാലിന്യ സംസ്കരണം മുടങ്ങാതിരിക്കുക എന്ന ഏകലക്ഷ്യം മാത്രമെ ഉള്ളൂവെന്നും മേയർ ഒ സദാശിവൻ വിശദീകരിച്ചു. യുഡിഎഫിലെ എസ് കെ അബൂബക്കർ, വിശ്വനാഥൻ പുതുശേരി, സയിദ് ഷമീൽ തങ്ങൾ, സി.പി. സലിം, ബി ജെ പി യിലെ നമ്പിടി നാരായണൻ,നവ്യഹരിദാസ് എന്നിവരും മേയറുടെ നടപടിയെ ചോദ്യം ചെയ്തു. മാലിന്യ സംസ്ക്കരണം മുടങ്ങാതിരിക്കാൻ ഇതു മാത്രമെ വഴിയുള്ളൂവെന്ന മേയറുടെയും, ഡെപ്യൂട്ടി മേയർ ഡോ എസ് ജയശ്രീയുടെയും വാദമുഖങ്ങൾ ഒടുവിൽ കെ.സി. ശോഭിത ഒഴികെയുള്ളവർ അംഗീകരിച്ചതോടെയാണ് പ്രതിസന്ധി പരിഹരിച്ചത്. രണ്ടാമത് കരാർ നൽകിയത് സംബന്ധിച്ച വിശദാംശങ്ങൾ അജണ്ടയിൽ ചേർത്തതാണ് തർക്കങ്ങൾക്കും സംശയങ്ങൾക്കും കാരണമായത്. ഇക്കാര്യം ബി ജെ പി അംഗം നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്റ്റേഡിയം കാർ റേസിങ്ങിന് വിട്ടു നൽകിയതുമൂലം നിരവധി ഫുട്ബോൾ മത്സരങ്ങൾ കോഴിക്കോടിന് നഷ്ടമായതിനെതിരെ യുഡിഎഫ് അംഗം സഫറി വെള്ളയിൽ പ്ലാക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close