
കോഴിക്കോട് : അവശ്യമരുന്നുകളിൽ നാലിരട്ടി അധികം വില പ്രിൻ്റ് ചെയ്ത് മരുന്നു കമ്പനികൾ രോഗികളെ കൊള്ളയടിക്കുന്നു. ടൈപ്പ് രണ്ട് പ്രമേഹ രോഗികൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന – SITAGLPTIN Ph0SPHATE & METFORMIN HYDRO CHLORIDE – മൂലകങ്ങൾ അടങ്ങിയ ഗുളികകളുടെ സ്ട്രിപ്പിന് മേലാണ് ന്യൂദൽഹി ഷാപൂർ ജട്ട് എന്ന സ്ഥലത്തെ JAG SONPAL ഫാർമസ്യൂട്ടിക്കൽസ് എന്ന മരുന്നു കമ്പനി കൊള്ള വില ഈടാക്കാൻ അവസരം ഒരുക്കുന്നത്. രക്തത്തിലെ ഇൻസുലിൻ്റെ അളവ് വർധിപ്പിച്ച് പ്രമേഹം നിയന്ത്രണത്തിലാക്കാൻ ഡോക്ടർമാർ ശിപാർശ ചെയ്യുന്ന പ്രമുഖ മരുന്നാണ് ISTAMTE 50/1000 എന്ന ഗുളിക. ഇതിൻ്റെ ജനറിക് മരുന്നാണ് JAGS0N ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കുന്ന JANUPAL 50/1000. 15 ഗുളികകൾ അടങ്ങുന്ന ഓരോ സ്ട്രിപ്പിലും 369.60 രൂപ വിലയായി പ്രിൻ്റ് ചെയ്തിട്ടുണ്ട്. എംആർപി യായി രേഖപ്പെടുത്തിയ ഈ വില മെഡിക്കൽ ഷോപ്പുകാർക്ക് ഈടാക്കാം. എന്നാൽ പരിചയമുള്ളവർക്ക് ഒരു സ്ട്രിപ്പ് 95 രൂപ തോതിൽ ലഭിക്കും. ജനറിക് മരുന്നുകളെ കുറിച്ച് അറിയുന്ന സ്ഥിരം ഉപഭോക്താക്കൾക്ക് മാത്രമെ ഈ വിലക്കുറവ് ലഭിക്കൂ. അല്ലാത്തവർ 370 രൂപയോളം നൽകണം. പ്രമേഹം അടക്കം അവശ്യമരുന്നുകളുടെ പേരിൽ ഇത്തരം കൊള്ള കാലങ്ങളായി തുടരുകയാണ്. വില നിയന്ത്രിക്കാനുള്ള അധികാരം ബഹുരാഷ്ട്ര മരുന്നു കമ്പനികൾക്ക് കേന്ദ്രസർക്കാർ തീറെഴുതിയതാണ് ഇത്തരം കൊള്ളയ്ക്ക് കാരണം. സംസ്ഥാനത്ത് ഇത്തരം കൊള്ളകൾക്കെതിരെ നടപടിയെടുക്കേണ്ട സംസ്ഥാന- ജില്ലാ ഡ്രഗ് കൺട്രോൾ വിഭാഗം ഇത്തരം വിഷയങ്ങളിൽ ഇടപെടാതെ ഒത്തു കളിക്കുന്നതും കൊള്ളയ്ക്ക് കാരണമാണ്.