
കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഊർജിത അന്വേഷണം തുടരുന്നതിനിടെ കേസ് ഒരുക്കാനും സമ്മർദ്ദം. ജമ്മു- കാശ്മീരിനെ ഒഴിവാക്കി കൊണ്ടുള്ള കാൻസർ ചികിത്സാ പരസ്യ ചിത്രത്തിൽ “അഭിനയിച്ച ” മെയ്ത്രയിലെ ഡോക്ടർമാരായ സന്ധ്യ പ്രദിപ്, രേഷ്മ റഷീദ്, ശ്രേയ എസ് പ്രദീപ്, ഒ. റഷീദ ബീഗം, എം.എൻ ഗീത തുടങ്ങി ഡോക്ടർമാർ, ടെക്നിക്കൽ സ്റ്റാഫുകൾ, മറ്റു സ്റ്റാഫുകൾ എന്നിവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായതായും ഇനി സാക്ഷികളിൽ നിന്ന് മൊഴിയെടുക്കാനുണ്ടെന്നും എലത്തൂർ ഇൻസ്പെക്ടർ കെ.ആർ രഞ്ജിത് പറഞ്ഞു. അതേ സമയം കേസിൽ പ്രതിചേർക്കപ്പെട്ട ആശുപത്രി മാനേജ്മെൻ്റിൽ ഒരാളേയും ചോദ്യം ചെയ്യാൻ പോലീസ് ധൈര്യപ്പെട്ടിട്ടില്ല. എഫ് ഐ ആർ പ്രകാരം ആശുപത്രി ഉടമകളും രാജ്യദ്രോഹ കേസിൽ പ്രതികളാണ്. കോഴിക്കോട്ടെ പ്രമുഖ വ്യവസായി, ഇദ്ദേഹത്തിൻ്റെ മകനായ പ്രവാസി വ്യവസായിയും കുടുംബവും എന്നിവരാണ് ഉടമകൾ. ഭരണവർഗ പാർട്ടിയുമായി ഉറ്റബന്ധമുള്ളതിനാൽ ഇവരുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസ് പുറത്തുവിടുന്നില്ല. അന്വേഷിക്കുന്ന മാധ്യമപ്രവർത്തകരോട് – രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ പുറത്തുവിടാൻ കഴിയില്ല – എന്നാണ് പോലീസിൻ്റെ മറുപടി. രാജ്യദ്രോഹകുറ്റം ചെയ്ത സംഭവം ഒളിപ്പിക്കാൻ ഇന്ത്യൻ എവിഡൻസ് ആക്ടിലെ ( ബി എസ് എ ) 129, 130 വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് വിവരം നിഷേധിക്കുന്നത്. രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഈ നിയമം പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവാദ ഭൂപടം അടങ്ങിയ വീഡിയോ അപ് ലോഡ് ചെയ്തവരെ കണ്ടുപിടിക്കാൻ യു ആർ എൽ വിശദാംശം തേടി ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പോലീസ് അപേക്ഷ നൽകിയതിന് മറുപടി ലഭിച്ചിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ കേസ് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉന്നത ഇടപെടൽ മൂലം പ്രമുഖ മാധ്യമങ്ങളോ ചാനലുകളോ ഇതുവരെ ഈ ഗുരുതര സംഭവം വാർത്തയാക്കിയിട്ടില്ല




