HealthKERALAtop news

മേയ്ത്രയില്‍ പ്രത്യേക ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

'കാലുകളെസ്‌നേഹിക്കുക, നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കുക'

കോഴിക്കോട്: പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പിഎഡി) ചികിത്സ നല്‍കുന്നതിനായി മേയ്ത്ര ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. പ്രമേഹരോഗികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നമായ പിഎഡിയ്ക്കുള്ള അതിനൂതന ചികിത്സകള്‍ മേയ്ത്ര ഹാര്‍ട്ട് ആന്‍ഡ് വാസ്‌ക്കുലാര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രത്യേക കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
പ്രമേഹത്തിന്റെ ഗുരുതരമായ പല രോഗവസ്ഥകളാല്‍ വലയുന്നരോഗികള്‍ക്ക് അവയവഛേദനം ഒഴിവാക്കിക്കൊണ്ടുള്ള രോഗപ്രതിവിധി ലഭിക്കുന്നതിനാല്‍ പിഎഡിയ്ക്കുള്ള നൂതന ചികിത്സാരീതികള്‍ ഇതിനോടകംതന്നെ ആഗോളതലത്തില്‍ അതിപ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി, സിടി ഇന്റഗ്രേഷന്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആന്‍ജിയോഗ്രാഫി എന്നിവയടങ്ങിയ റോബോട്ടിക്ക് കാത്ത് ലാബ് (ആര്‍ട്ടിസ്സീഗോ) തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന മേയ്ത്ര അഡ്വാന്‍സ്ഡ് ഫൂട്ട് കെയര്‍ സെന്റര്‍ ‘, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്, വാസ്‌ക്കുലാര്‍ ആന്‍ഡ് ജനറല്‍സര്‍ജന്‍, എന്‍ഡോക്രൈനോളജിസ്റ്റ്, പോഡിയാട്രിസ്റ്റ്, ഫിസിയാട്രിസ്റ്റ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം നയിക്കുന്നതാണ്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഫൂട്ട് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ മികവിലും ലോകോത്തര നിലവാരത്തിലുള്ള സേവനത്തിലും പ്രമേഹരോഗ ചികിത്സാ രംഗത്ത് മുന്‍പന്തിയില്‍ തന്നെയാണ് മേയ്ത്ര ഹോസ്പിറ്റല്‍ എന്നത് അഭിമാനകരമായ നേട്ടമാണ്. എന്നും ഈ നേട്ടം നിലനിര്‍ത്തുവാന്‍ മേയ്ത്ര പ്രതിജ്ഞാബന്ധമാണെന്നും ഫൂട്ട് കെയര്‍ സെന്റര്‍ ഈ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും സിഇഒ ഡോ. പി മോഹനകൃഷ്ണന്‍ പറഞ്ഞു. പെരിഫറല്‍ ആര്‍ട്ടീരിയല്‍ രോഗങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ലഭ്യമായ ഏറ്റവും പുതിയ ചികിത്സാരീതികളെക്കുറിച്ച് അവരെ അറിയിക്കുന്നതിനുമാണ് ‘കാലുകളെസ്‌നേഹിക്കുക, നിങ്ങളുടെ ജീവിതത്തെ സ്‌നേഹിക്കുക’ എന്ന കാമ്പയിനിലൂടെ മേയ്ത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഹൃദയത്തിലെയും മസ്തിഷ്‌കത്തിലെയും രക്തക്കുഴലുകളൊഴികെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാവുന്നതിനെയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നു പറയുന്നത്. പ്രമേഹ രോഗികളിലും പുകവലിക്കുന്നവരിലും സാധാരണയായി ഈ രോഗം കാണപ്പെടുന്നു. കാലില്‍ ഈ അസുഖം ബാധിച്ച രോഗികള്‍ക്ക് ചിലപ്പോള്‍ കാല്‍മുറിച്ചു മാറ്റേണ്ട അവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിനായി കാലിലെ രക്തക്കുഴലിലൂടെ ചെറിയ ബലൂണ്‍ കടത്തിവിട്ട് ബ്ലോക്കുള്ള ഭാഗത്തെത്തിച്ച് ബലൂണ്‍ വികസിപ്പിക്കുമ്പോള്‍ ബ്ലോക്ക് മാറി രക്തപ്രവാഹം പുനഃസ്ഥാപിക്കപ്പെടുന്നു.

ഇന്ന്, ഇന്ത്യയില്‍ ഏകദേശം 10 ലക്ഷം കാലുകള്‍ ഭാഗികമായി മുറിച്ചു മാറ്റപ്പെട്ട രോഗികള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 60 ശതമാനവും പ്രമേഹരോഗികളാണ്. കാരണം, പ്രമേഹത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പിഎഡി എന്ന അസുഖം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. നാലില്‍ ഒന്ന് പ്രമേഹ രോഗികള്‍ക്ക് കാലിലെ വ്രണം ഉണങ്ങാത്ത അവസ്ഥ കണ്ടുവരുന്നു, ഇതില്‍ 15 ശതമാനം അസുഖം സുഖപ്പെടുന്നില്ല. എന്നുമാത്രമല്ല, അത് മൂര്‍ച്ഛിച്ച്,ഗാന്‍ഗ്രീന്‍(രക്തയോട്ടം നിലച്ച് കാല് നിര്‍ജ്ജീവം ആകുന്ന അവസ്ഥ ) ആയി പരിണമിക്കുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ശരിയായ സമയത്തെ ചികിത്സ ആവശ്യമാണ്. പുതിയ സാങ്കേതികതയിലൂടെ, രോഗിയുടെ കൈകാലുകളും ജീവനും രക്ഷിക്കാന്‍ കഴിയും. ഈ നടപടിക്രമത്തിനായി ഒരു പ്രത്യേക ചികിത്സാകേന്ദ്രം ഉണ്ടായിരിക്കുകയെന്നത് സമൂഹത്തിന്റെ ഒരു പ്രധാന ആവശ്യമായിരുന്നെന്നും മേയ്ത്രയിലെ നൂതന ഫൂട്ട് കെയര്‍ സെന്റര്‍ വഴി, നിരവധി പ്രമേഹരോഗികള്‍ക്ക്പ്രതീക്ഷ നല്‍കാന്‍ കഴിയുമെന്നും ഹാര്‍ട്ട് ആന്‍ഡ് വാസ്‌ക്കുലാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്‌കെയര്‍ സെന്റര്‍ തലവനും കാര്‍ഡിയോളജി വിഭാഗം ചെയര്‍മാനുമായ ഡോ.എം.ആശിഷ്‌കുമാര്‍ മണ്ഡലെ പറഞ്ഞു.

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി വിട്ടുമാറാത്ത രോഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പഠനങ്ങളനുസരിച്ച്, 45 നും 69 നും ഇടയില്‍ പ്രായമുള്ള 67.7 ശതമാനം ആളുകള്‍ പ്രമേഹത്തിനുമുമ്പുള്ള പ്രീ- ഡയബറ്റിക് രോഗാവസ്ഥയിലാണ്. ഈ വിട്ടുമാറാത്ത അവസ്ഥയുടെ ഒരു വീഴ്ചയാണ് പാദങ്ങള്‍ ഉള്‍പ്പെടുന്ന ശരീരത്തിന്റെ പെരിഫറല്‍ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നത്.

ആരോഗ്യസംരക്ഷണത്തിലും ഏറ്റവും പുതിയ മുന്നേറ്റങ്ങളിലും ആഗോളതലത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുകയെന്നതാണ് മേയ്ത്ര ഹോസ്പിറ്റല്‍ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള മറ്റൊരു വഴിത്തിരിവാണിത്. കോഴിക്കോട്ട് മാത്രമല്ല, സംസ്ഥാനത്തിലെ ഇതര ഭാഗങ്ങളിലും പുറത്തും നിലവില്‍ നല്‍കുന്ന വൈദ്യസഹായം ശക്തിപ്പെടുത്തുന്നതിനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്.

ഡോ.പി മോഹനകൃഷ്ണന്‍ (സിഇഒ),ഡോ.ആശിഷ്‌കുമാര്‍ മണ്ഡലെ (കാര്‍ഡിയോളജി ചെയര്‍മാന്‍, അഡ്വാന്‍സ്ഡ് ഫൂട്ട് കെയര്‍ സെന്റര്‍ തലവന്‍),ഡോ.നസീര്‍ അലി (സീനിയര്‍ കണ്‍സള്‍ട്ടന്റ്-എന്‍ഡോക്രൈനോളജി), ഡോ.സജി വര്‍ഗ്ഗീസ്(സീനിയര്‍ കണ്‍സള്‍ട്ടന്റ് -ജനറല്‍ സര്‍ജറി),ഡോ. ഹഫീസ ടാംട്ടണ്‍(ഫിസിയാട്രി),ഡോ.രഞ്ജിഷ് (വാസ്‌ക്കുലാര്‍ സര്‍ജന്‍)എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close