കൊച്ചി. മുന്‍ മിസ് കേരള അന്‍സി കബീറും , റണ്ണറപ്പായ അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖും കാറപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. കാറോടിച്ചിരുന്ന ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.ഇന്ന് ജാമ്യപേക്ഷ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഔഡി കാര്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നുമാണ് പോലീസിന് റഹ്മാന് നല്‍കിയിരിക്കുന്ന മൊഴി. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഹോട്ടലില്‍ രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. പിന്നീട് ഹോട്ടലുടമയുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരന് ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് അഴിച്ചു മാറ്റിയെന്ന് കണ്ടെത്തിയിരുന്നു. എന്തിനാണ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഹോട്ടലുടമയെ പ്രേരിപ്പിച്ചതെന്തിനെന്നത് കേസിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.