
കോഴിക്കോട്: ജില്ലയിൽ സമ്പർക്കം വഴിയുള്ള കോവിഡ് പോസറ്റീവ് കേസ്സുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യുന്ന ബേപ്പൂർ മേഖയിലേക്ക് പ്രവേശിക്കുന്നിടത്തു തന്നെ പ്രതിരോധം പാളുന്നു. മീഞ്ചന്ത മേൽപ്പാലം തുടങ്ങുന്നിടത്ത് വട്ടക്കിണർ ഭാഗത്താണ് അധികാരികളുടെ വിലക്കുകൾക്ക് പുല്ലുവില കല്പിച്ച് ജനങ്ങൾ കൂട്ടം കൂടുന്നത്. വൈകീട്ട് 4 മണി മുതലാണ് മത്സ്യം ഉൾപ്പെടെയുള്ള സാധനങ്ങളുമായി കച്ചവടക്കാരും ഇത് വാങ്ങിക്കാനായി നാട്ടുകാരും നിലവിൽ പ്രഖ്യാപിച്ച 144 പോലും വകവെക്കാതെ എത്തുന്നത്. തിരക്ക് ചിലപ്പോൾ ഗതാഗതത്തിന് വരെ തടസ്സമാകുന്ന തരത്തിൽ റോഡിലെത്തും. കോർപ്പറേഷൻ ബേപ്പൂർ മേഖലയിലെ മുഴുവൻ വാർഡുകളിലും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ തന്നെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളുമുണ്ട്.പ്രധാന റോഡുകളിൽ നിന്നും ഉള്ള പോക്കറ്റ് റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യകാര്യങ്ങൾക്കായി ആർ .ആർ .ടി പ്രവർത്തകരുടെ സേവനവും ഉണ്ട്. മാത്തോട്ടത്ത് പോലീസ് തന്നെ പരിശോധനകൾക്ക് ശേഷം മാത്രമാണ് നഗരത്തിലേക്കുള്ള യാത്ര അനുവധിക്കുന്നൊള്ളു. ഏതാനും മീറ്ററുകൾക്കപ്പുറം നടക്കുന്ന പരസ്യമായ നിയമ ലംഘനത്തിനെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നത് വിചിത്രമാണെന്ന് ആർ.ആർ.ടി വളണ്ടിയേഴ്സും അഭിപ്രായപ്പെടുന്നുണ്ട്.