KERALAlocaltop news

കുരങ്ങൻമാർ കൃഷി നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :- തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികൾ കുരങ്ങൻമാർ നശിപ്പിക്കുന്നത് തടയാൻ മാർഗ്ഗമില്ലെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ച സാഹചര്യത്തിൽ അവ നഷ്ടപ്പെട്ടത് കാരണം സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകി സഹായിക്കാൻ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.

1980 ൽ നിലവിൽ വന്ന വന്യജീവി ആക്രമണം കാരണം കാർഷിക നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഒരുത്തരവ് പാസാക്കിയിരുന്നെങ്കിലും അതിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അന്നത്തെ പരാതിക്കാരനായ തലയാട് സ്വദേശി ബാലൻ കാരമേൽ വീണ്ടും കമ്മീഷനെ സമീപിച്ചു.

കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.

 

മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് സിറ്റിംഗ് ഇന്ന്

കോഴിക്കോട്:- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് (07-06-2022) രാവിലെ പത്തരക്ക് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close