
കോഴിക്കോട് : സ്ഥലം എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിൽ മകൾക്ക് പിതാവിനെ തറവാട്ടിലെത്തി കാണാമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
പ്രായാധിക്യം കാരണം കിടപ്പിലായ പിതാവിനെ കാണാനോ പരിചരിക്കാനോ പോലീസുകാരനായ സഹോദരൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കല്പ്പത്തൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ അച്ഛനും അമ്മയും സഹോദരനും കുടുംബവും തറവാട് വീട്ടിലാണ് താമസിക്കുന്നതെന്നും സഹോദരൻ പോലീസുദ്യോഗസ്ഥനാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഭർത്താവിനൊപ്പം മറ്റൊരു വീട്ടിലാണ് താമസം. പരാതിക്കാരിയും സഹോദരന്റെ കുടുംബവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പരാതിക്കാരി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അച്ഛന്റെ പേരിലുള്ള സ്ഥലവും വീടും എഴുതികൊടുക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തറവാട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പു തന്നാൽ അച്ഛനെ കാണാൻ അവസരം പോലീസ് ഒരുക്കുന്നതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരി പോലീസിന്റെ നിബന്ധനകൾ പാലിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.




