
കോഴിക്കോട് : മുൻ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പക്ടർ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവിൽ ചുരുളഴിഞ്ഞ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദുമായി ഇന്ന് വയനാട്, ചേരമ്പാടി മേഖലയിൽ തെളിവെടുപ്പ് നടത്തി. കോടതിയിൽ നിന്ന് കസ്റ്റഡയിൽ വാങ്ങിയ പ്രതി നൗഷദുമായി നിലവിലെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കെ.കെ ആഗേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്ന് രാവിലെ വയനാട്ടിലേക്ക് പുറപ്പെട്ടു ബത്തേരി, ചേരമ്പാടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയത്. ഹേമചന്ദ്രനെ ഒളിവിൽ പാർപ്പിച്ച് കഠിന പീഡനം നടത്തി കൊലപ്പെടുത്തിയ ബത്തേരിയിലെ വീട്, മുതദേഹം കുഴിച്ചിട്ട ചേരമ്പാടി വനമേഖല , മൃതദ്ദേഹം കുഴിച്ചിടുന്ന സ്ഥലം കണ്ടെത്താൻ ഗൂഡാലോചന നടത്തി പ്രതികൾ സമ്മേളിച്ച സ്ഥലം, കുഴിയെടുക്കാൻ കൈക്കോട്ടും മറ്റും വാടകയ്ക്ക് എടുത്ത കട, മൃതദ്ദേഹം പഞ്ചസാര ചേർത്ത് കത്തിക്കാമെന്ന ധാരണയിൽ പഞ്ചസാര വാങ്ങിയ ബത്തേരിയിലെ കട തുടങ്ങിയ ഇടങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തി. ചേരമ്പാടിയിലെ തെളിവെടുപ്പിന് തമിഴ്നാട് പോലീസിൻ്റെ സഹായം തേടി. പഞ്ചസാര ക കുഴിയിൽ വിതറിയെങ്കിലും ഏതോ വാഹനം ആ വഴി വന്നതിനാൽ കത്തിക്കാൻ കഴിഞ്ഞില്ലെന്നു പ്രതിമൊഴി നൽകി. ഇതിനിടെ, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ പ്രതി നൗഷാദ് ഉറച്ചു തന്നെനിൽക്കുകയാണ്. ഈ വാദം തെറ്റാണെന്ന് തെളിയാക്കാനും, ഹേമചന്ദ്രനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതിൻ്റെ ശാസ്ത്രീയ തെളിവുകളുമടക്കം കണ്ടെത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം പോലീസ് സംഘം രാത്രി കോഴിക്കോടിന് തിരിക്കും.




