
കോഴിക്കോട്: 2022 ലെ കൊലപാതകശ്രമ കേസ്സിലെ പ്രതി നേപ്പാളിൽ ചേവായൂർ പോലീസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ് ഫാഖ് (27 )നാണ് പിടിയിലായത്.
2022 ൽ ബാലുശ്ശേരി സ്വദേശിയായ ലുക്മാനുൽ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് വിദേശത്തായിരുന്ന ലുക്മാനുൽ ഹക്കീമിന്റെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി തന്റെ മകളുടെ ഭർത്താവായ ലുക്മാനുൽ ഹക്കീമിനെ കൊല്ലുന്നതാനായി ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാൾക്ക് 2,00,000/- രൂപയ്ക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു. ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിക്കുകയും, അവർ ഒരു ഇന്നോവ കാറിൽ കക്കോടിയിൽ വെച്ച് ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിൽ ഓമന്നൂർ എന്ന സ്ഥലത്തുള്ള തടി മില്ലിൽ എത്തിച്ച് ലുക്മാനുൽ ഹക്കീമിന്റെ കൈവശമുണ്ടായിരുന്ന പണവും, മൊബൈൽ ഫോണും പിടിച്ചുവാങ്ങി മർദ്ദിച്ച് അവശനാക്കി ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ വന്നപ്പോഴേയ്ക്കും പ്രതിയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ലുക്മാനുൽ ഹക്കീമിനെ ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഈ കേസ്സിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കേസ്സിലെ 6-ാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റെ് കമ്മീഷണർ ഉമേഷിന് പ്രതി നേപ്പാളിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവിന്റെ നിർദേശപ്രകാരം SI അബ്ദുൾ മുനീർ, സി.പി.ഒ-മാരായ രാകേഷ്, വിജ്നേഷ് എന്നിവർ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു. 12.02.2025 തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് സാഹസികമായി പ്രതിയെ അന്വേഷണ സംഘം കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.