KERALAlocaltop news

കോഴിക്കോട് തീപിടുത്തം: കുറ്റക്കാരൻ ഉടമയെന്ന് മേയർ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

* കെട്ടിടങ്ങളിലേയും അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ, അനധികൃത നിർമ്മാണം എന്നിവ സംബന്ധിച്ചും ഈ കമ്മറ്റി പരിശോധന നടത്തും

കോഴിക്കോട് : കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുണ്ടായ വൻ തീപിടുത്തത്തിന് കാരണം കെട്ടിടം വാടകയ്ക്കെടുത്ത വ്യാപാരിയിൽ ചുമത്തിയും സ്വന്തം ” തടി ” രക്ഷിച്ചും മേയറുടെ വാർത്താ സമ്മേളനം. ഫയർ ഓഡിറ്റ് യഥാസമയം നടത്താതിരുന്നതാണ് തീപിടുത്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ കാരണമായതെന്നും വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മേയർ ഡോ. ബീന ഫിലിപ്പ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.                       സ്റ്റയർ കെയ്സും വരാന്തയും കൊട്ടിയടച്ചത് തടയേണ്ട ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ ന്യായികരണം നിരത്തിയത് ശ്രദ്ധേയമായി. സ്റ്റെയർ കെയ്സ് അടച്ചിടാൻ സംവിധാനം ഉണ്ടായിരിക്കെ – വരാന്തയിൽ സാമൂഹ്യ വിരുദ്ധ ശല്യം വർധിച്ചതിനാലാണ് വരാന്തയടക്കം വാടകയ്ക്ക് നൽകിയതെന്നായിരുന്നു പുതിയ ന്യായം. ധനകാര്യ കമ്മിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദും, റവന്യു – മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്ത പത്രക്കുറിപ്പിൻ്റെ പൂർണരൂപം താഴെ –

മൊഫ്യൂസൽ ബസ് സ്റ്റാൻഡ് അഗ്നിബാധ അന്വേഷണത്തിനായി ഉദ്യോഗസ്ഥതല ആഭ്യന്തര കമ്മറ്റി രൂപീകരിച്ചു.

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ്റെ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുകൾനിലയിൽ ഉണ്ടായ തീപ്പിടുത്തം തികച്ചും ദൗർഭാഗ്യകരമാണ്. 40 വർഷത്തോളം പഴക്കമുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിൻ് മുകളിൽനിലയിൽ സ്റ്റോറേജിന് വേണ്ടി ഷീറ്റ് ഇട്ട ഭാഗവും രണ്ടാം നിലയിലെ മുറികളുമാണ് അപകടത്തിൽ പൂർണമായും കത്തിയത്. വരാന്തകളിലെ രാത്രികാല സാമൂഹ്യ വിരുദ്ധശല്യം സഹിക്കവയ്യാതെയാണ് വരാന്തകൾ അടക്കം കച്ചവട ആവശ്യത്തിനായി അനുവദിക്കണമെന്ന ലൈസൻസിയുടെ അപേക്ഷ പരിഗണിച്ചാണ് മുൻകാലത്ത് വാടക നിർണയിച്ചു വരാന്തകൾ അനുവദിച്ചു കൊടുത്തത്.

1987-ൽ പ്രവർത്തനമാരംഭിച്ച മൊഫ്യൂസൽ ബസ്റ്റാൻഡ് കെട്ടിടം അന്നത്തെ കെട്ടിടനിർമ്മാണചട്ടങ്ങൾക്ക് അനുസൃതമായിട്ടാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഫയർ ആൻ്റ് സേഫ്റ്റി സജ്ജീകരണങ്ങളും അന്നത്തെ നിയമങ്ങൾക്കനുസൃതമായി ഉറപ്പു വരുത്തിയിട്ടുള്ളതാണ്. ആയവ ഇപ്പോഴും നിലനിൽക്കുന്നതുമാണ്.

ലൈസൻസികൾക്ക് കെട്ടിടത്തിലെ മുറികൾ അനുവദിച്ചു കഴിഞ്ഞാൽ അവിടെയുള്ള ഫയർ ആൻ്റ് സേഫ്റ്റി സുരക്ഷാ മാനദണ്ഡങ്ങൾ സജ്ജീകരിക്കേണ്ടത് ലൈസൻസിയുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ ഇത്രയധികം സ്റ്റോക്ക് സൂക്ഷിക്കുന്ന ഇടത്ത് അതിനാവശ്യമായ രീതിയിൽ അഗ്നിസുരക്ഷാ  ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് ലൈസൻസി തന്നെയായിരുന്നു.

നിലവിൽ ഒന്നാം നിലയിലെ ഒരു ഹാളും ഒരു റൂമും രണ്ടാം നിലയിലെ രണ്ട് ഹാളുകളും അതിനു പുറമെയുള്ള പൊതുസ്ഥലവുമാണ് അഗ്നിബാധയിൽ ഉൾപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.

കെട്ടിടത്തിൽ അഗ്നിബാധയുണ്ടാകാനുള്ള സാഹചര്യം, കടയുടമയുടെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നതും ഫയർഫോഴ്‌സിന് ചെല്ലാനാവാത്ത രീതിയിൽ സെറ്റ് ബാക്ക് ഏരിയയിലെ കടന്നു കയറ്റം എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സുപ്രണ്ടിംഗ് എഞ്ചിനീയർ, ജോയിന്റ്റ് കോർപ്പറേഷൻ സെക്രട്ടറി, ഹെൽത്ത് ഓഫീസർ എന്നിവരുടെ സംയുക്ത ആഭ്യന്തര അന്വേഷണ കമ്മറ്റി രൂപീകരിച്ചു. സ്ഥലപരിശോധന നടത്തി ഒരാഴ്ചക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളിലേയും അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ, അനധികൃത നിർമ്മാണം എന്നിവ സംബന്ധിച്ചും ഈ കമ്മറ്റി പരിശോധന നടത്തും. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഉടനടി ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close