
കോഴിക്കോട്: മുസ്ലിം സമുദായത്തെ ഒന്നടങ്കം പ്രതിസ്ഥാനത്ത് നിര്‍ത്തി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ ആരോപണങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പിന്റെ അന്തരീക്ഷവും ഉല്പാദിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് തുടങ്ങിയ പദാവലികള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ആരോപണങ്ങള്‍ മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും ഇസ്ലാംഭീതിയുടെ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നതുമാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തിലല്ലാതെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തി വെക്കുമെന്ന് ഓര്‍ക്കണം. ലൗജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ വ്യാജാരോപണങ്ങളുണ്ടാക്കാവുന്ന അനന്തരഫലങ്ങള്‍ മുന്നില്‍കണ്ട് സര്‍ക്കാര്‍ അമാന്തം കാണിക്കാതെ ഇതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവിടണം. അതോടൊപ്പം സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്താനുള്ള ബോധപൂര്‍വമായ ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.