
കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാസർഗോഡ് സ്വദേശിയായ അഹമ്മദ് ഇർഷാദിനെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും 70 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബാംഗ്ലൂർ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. എലത്തൂർ ട്രെയിൻ സംഭവത്തിനുശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നേതൃത്വത്തിൽ സിറ്റി പോലീസ് പരിധിയിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഗ്രാമിന് ആയിരം രൂപയ്ക്ക് ബാംഗ്ലൂർ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയിൽ മാർക്കറ്റിൽ മൂവായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ബാംഗ്ലൂരിൽ ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേന ബാംഗ്ളൂർ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫായയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ബാംഗ്ലൂർ സിറ്റിയിൽ ലഹരി തേടിയെത്തുന്നവർക്ക് ഇർഷാദിന്റെ ഫോണിൽ ബന്ധപ്പെട്ടാൽ ഏത് തരം മയക്കുമരുന്നും ഞൊടിയിടയിൽ എത്തിച്ച് നൽകാറാണ് പതിവ്. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ആഫ്രിക്കൻ കോളനിയിൽ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് പ്രതി സമ്മതിച്ചു. ബാംഗ്ലൂർ – കോഴിക്കോട് റൂട്ടിൽ രാത്രിയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാൾ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. രാത്രിയിൽ ബസ്സിൽ ചെക്കിങ് ഇല്ലാത്തതുകൊണ്ടാണ് ഈ മാർഗ്ഗം തിരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസബ സബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു.
*യുവതിയെ വീട്ടിൽ കയറി ആക്രമിച്ചതിനും പ്രതിക്കെതിരെ കേസ്*
കഴിഞ്ഞ ഫെബ്രുവരിമാസം കോഴിക്കോട് സ്വദേശിനിയായ യുവതിയെ അവരുടെ വീട്ടിൽ കയറി ആക്രമിച്ചതിനും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചതിനും യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്ല്യപ്പെടുത്തുകയും ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത്, സീനിയർ സി.പി.ഒമാരായ സുധർമ്മൻ, പി.എം രതീഷ്, ശ്രീജേഷ് വെള്ളന്നൂർ ഡി.എച്ച്.ക്യു സിപിഓ എസ്.ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.