കൽപ്പറ്റ: വൈത്തിരി ചാരിറ്റിയിൽ നിയമവിരുദ്ധമായി തരംമാറ്റി സ്വകാര്യ വ്യക്തി നിർമ്മിച്ച നീന്തൽകുളം പൊളിച്ചു മാറ്റി സർക്കാർ ഏറ്റെടുത്ത് സ്വാഭാവിക ജലസ്രോതസായി നിലനിർത്തണമെന്ന് യുവജനതാദൾ കൽപറ്റ മണ്ഡലം കമ്മറ്റി യോഗം വയനാട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. തർക്കവിഷയമായ സ്വാഭാവിക കിണറങ്ങുന്ന ഭൂമി ആദ്യ ഉടമ മുറിച്ചു വിറ്റപ്പോൾ പിന്നീട്ഭൂമി വാങ്ങിയ എല്ലാവർക്കും ആധാരപ്രകാരം കിണറിൽ നിന്ന് വെള്ളം എടുക്കാനുള്ള അവകാശം രജിസ്റ്റർ ചെയ്ത് നൽകിയതായാണ് രേഖകൾ. ഇതിന് ശേഷം സ്ഥലം വാങ്ങിയ കോഴിക്കോട് കുന്ദമംഗലം വരട്ട്യാക് സ്വദേശിറഫീഖ് എന്നയാൾ വെള്ളം എടുക്കാനുള്ള നിയമാനുസൃത അവകാശം മറ്റുള്ളവർക്ക് നൽകി വന്നതാണ്. എന്നാൽ കിണർ രൂപമാറ്റം വരുത്തി ഇപ്പോൾ സ്വിമ്മിംഗ് പൂളാക്കി മാറ്റിയിരിക്കയാണ്. കിണറിൻ മേൽ നിയമാനുസൃത അവകാശം ഉള്ളവർക്കെതിര വ്യാജ പരാതി നൽകി കോടതിയെ തെറ്റിദ്ധരിപ്പിച്ച് താത്ക്കാലിക ഇഞ്ചക്ഷൻ ഉത്തരവ് റഫീഖ് നേടിയിരിക്കയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് കുന്നിൻപ്രദേശമായ ചാരിറ്റി മേഖല’ ‘, തൊട്ടടുത്ത് വനം വകുപ്പിൻ്റെ കൈവശത്തിലുള്ള പ്ലാൻ്റേഷൻ ഭൂമിയിൽ നിന്ന് ഒഴുകി വന്ന വെള്ളം രൂപപ്പെട്ടുണ്ടായ ഈ ജലസ്രോതസിൽ നിന്ന് താഴേ തൈലക്കുന്ന് ഭാഗത്തേക്ക് വെള്ളം ഒഴുകിയിരുന്നതും, സ്വാഭാവിക ജലസംഭരണിയിൽ നിന്ന് വന്യമൃഗങ്ങൾ ദാഹമകറ്റിയിരുന്നതുമാണ്.’ അതിനാൽ ഈ സ്വാഭാവിക ജലസ്രോതസ് സർക്കാർ ഏറ്റെടുത്ത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് ഉടൻനടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി തയ്യാറാകുമെന്നു യോഗം മുന്നറിയിപ്പ് നൽകി.ജില്ലാ പ്രസിഡന്റ് സൈഫ് വൈത്തിരി അധ്യക്ഷത വഹിച്ചു. ആദർശ് കൽപ്പറ്റ, റസാഖ് കൈനാട്ടി , ദിനേശ് കൽപ്പറ്റ, സ്റ്റീവ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.
Related Articles
Check Also
Close-
നവകേരള സദസ്സിൽ എസ്ഡിപിഐ നിവേദനം സമർപ്പിച്ചു
November 25, 2023