KERALATechnology

ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്നുമുതല്‍; കാസര്‍കോട്ടേക്ക് നീട്ടണമെന്ന് ആവശ്യം

കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

മലബാര്‍ മേഖലയിലെ ട്രെയിന്‍ ദുരിതത്തെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളില്‍ മലബാര്‍ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു റെയില്‍വേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമില്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണുള്ളത്. 6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും.

നാലുമണിക്കൂറിലേറെ സമയമാണ് കോഴിക്കോട് നിന്നും വടക്കോട്ട് ട്രെയിന്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാവുന്നത്. രാത്രിയിലുള്ള ജനശതാബ്ദിയും എക്‌സിക്യൂട്ടീവും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. ഇതോടെ കാസര്‍കോട് പോകാനുള്ള സാധാരണ യാത്രക്കാര്‍ പെരുവഴിയിലാവും. യാത്രാ ദുരിതത്തിന് മെമു സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനാണിപ്പോള്‍ പരിഹാരമാകുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close