Politics
നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും..വോട്ട് വാരി എൻഡിഎ..കൈപ്പത്തിയെ ജനങ്ങൾ കൈവിട്ടു

പട്ന:ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎ തേരോട്ടമെന്ന് വ്യക്തമാണ്.തിരഞ്ഞെടുപ്പ് കമ്മിഷന് ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലർത്താന്‍ എന്‍ ഡി എ പാർട്ടികള്‍ക്ക് സാധിച്ചു. ആർ ജെ ഡി-കോൺഗ്രസ്-ഇടത് പാർട്ടികള്‍ നയിക്കുന്ന പ്രതിപക്ഷ മഹാസഖ്യം കേവലം 51 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന ജന്‍സുരാജ് പാർട്ടിക്ക് ഒരിടത്തും ആധിപത്യം നേടാന്‍ സാധിച്ചിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രവചനങ്ങളേയും മറികടക്കുന്ന തരത്തിലാണ് എന്‍ ഡി എയുടെ പ്രകടനം. “എൻ ഡി എ 160 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും എന്നായിരുന്നു.” എൻ ഡി ടി വി ബിഹാർ പവർ പ്ലേ സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് അമിത് ഷാ നേരത്തെ പറഞ്ഞത്. ഒരാഴ്ചയ്ക്ക് ശേഷം എൻ ഡി ടി വിയോട് തന്നെ സഖ്യത്തിന്റെ സീറ്റ് നില 160 ല്‍ ഏറെയായിരിക്കുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്.തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളിലും എന്‍ ഡി എയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം.
more news:നിയമലംഘനം നടത്തി തിരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങി പൊതു ജനത്തെ ബുദ്ധിമുട്ടിച്ചാൽ പിടിവീഴും
പതിമൂന്നോളം എക്സിറ്റ് പോളുകളും നിതീഷ് കുമാർ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ വിജയം പ്രവചിച്ചു.മറ്റ് ചിലതാകട്ടെ സംസ്ഥാനത്ത് ശക്തമായ മത്സരം എന്ന നിലയിലുള്ള ഫലങ്ങളാണ് പുറത്ത് വിട്ടത്.അപ്പോഴും ഇന്ത്യാ സഖ്യത്തിന് ആരും വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകർന്നടിഞ്ഞത്.അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 110 സീറ്റുകളിൽ മത്സരിച്ച ബി ജെ പി 74 സീറ്റുകൾ നേടി ശക്തമായ പ്രകടനം നടത്തിയപ്പോള്‍, 115 സീറ്റുകളിൽ പോരാട്ടത്തിന് ഇറങ്ങിയ ജെ ഡി യുവിന്റെ വിജയം 43 സീറ്റിൽ ഒതുങ്ങുകയായിരുന്നു. സഖ്യത്തിലെ മറ്റ് പങ്കാളികളായ വികാസ് ഇൻസാൻ പാർട്ടിയും ഹിന്ദുസ്ഥാൻ ആവാമി മോർച്ചയും നാല് സീറ്റുകൾ വീതം നേടി.പ്രതിപക്ഷ മഹാസഖ്യത്തിൽ 144 സീറ്റുകളിൽ മത്സരിച്ച ആർ ജെ ഡി 75 സീറ്റുകളും, 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളും നേടി. സി പി ഐ-എം.എൽ 12, സി പി എം 2, സി പി ഐ 2 എന്നിങ്ങനെ ഇടതുപക്ഷ കക്ഷികൾക്കും നേട്ടമുണ്ടായി. സഖ്യങ്ങളിൽ നിന്ന് പുറത്തു നിന്നു മത്സരിച്ച എ ഐ എം ഐ എം അഞ്ചു സീറ്റുകളിൽ വിജയിച്ചിരുന്നു.




