ഐ എന്‍ എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട് മനോരമ നല്‍കിയ വാര്‍ത്ത വാസ്തവ വിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് പ്രൊഫ. എപി അബ്ദുല്‍ വഹാബ്. ഐ എന്‍ എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി വിളിക്കുന്നതിനെ പ്രസിഡണ്ട് തടസ്സപ്പെടുത്തുകയാണെന്ന തരത്തില്‍ മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത തീര്‍ത്തും നിഷേധാത്മകമാണെന്ന് എപി അബ്ദുല്‍ വഹാബ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കോഴിക്കോടഐ എന്‍ എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി വിളിക്കുന്നതിനെ പ്രസിഡണ്ട് തടസ്സപ്പെടുത്തുകയാണെന്ന തരത്തില്‍ മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും ദുരുദ്ദേശ്യപരവുമാണ്.
പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, അവ പരിഹരിക്കുന്നതിന് സെപ്തംബര്‍ 5 ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ അനുരജ്ഞന ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തില്‍ പത്തംഗങ്ങളുടെ ഒരു മധ്യസ്ഥ സമിതിയെ നിശ്ചയിച്ചിരുന്നു. ഇരു വിഭാഗത്തിനും സ്വീകാര്യമായ ഈ പത്തംഗ സമിതി പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സമവായത്തിലെത്താനും ആവശ്യമായ സന്ദര്‍ഭത്തില്‍ യോഗം ചേരണമെന്ന് നിശ്ചയിക്കപ്പെട്ടതാണ്. എന്നാല്‍ ഒരു വിഭാഗം ഏകപക്ഷീയമായി ഇതിനെ നിരാകരിക്കുകയാണ്. പാര്‍ട്ടിക്ക് അനുവദിക്കപ്പെട്ട കോര്‍പ്പറേഷന്‍, ബോര്‍ഡുകളുടെ കാര്യത്തില്‍ മാത്രമല്ല, മെംബര്‍ഷിപ്പ് വിതരണത്തിന്റെ കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്.
നാളിതുവരെ ജനാധിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പുകളിലൂടെയാണ് പാര്‍ട്ടിയുടെ ഓരോ കമ്മിറ്റികളും നിലവില്‍ വന്നിരുന്നത് എന്നാല്‍, സ്വകാര്യമായും ഏകപക്ഷീയമായും ജനാധിപത്യ വിരുദ്ധമായും പാര്‍ട്ടിയുടെ പേരില്‍ ചിലയിടങ്ങളില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് വിതരണം ഔദ്യോഗിക അംഗീകാരങ്ങളോട് കൂടിയുള്ളതല്ല. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം സുസ്ഥിരമായ പരിഹാര നടപടികള്‍ വൈകാതെയുണ്ടാകും.
വഖഫ് ആക്ഷന്‍ കൗണ്‍സില്‍ പാര്‍ട്ടിയുടെ നയത്തിന് എതിരല്ല. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ കാമ്പയിനുമായി രംഗത്തിറങ്ങണമെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണ്.
വഖഫ് ആക്ഷന്‍ കൗണ്‍സിലിനെ മറപിടിച്ച് മൂന്നാം തവണയാണ് ‘മലയാള മനോരമ’ സ്‌റ്റോറി ചെയ്യുന്നത്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ വീണ്ടെടുക്കപ്പെടുന്ന വിഷയത്തില്‍ ‘മനോരമ’ക്കുള്ള താല്‍പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇടത് പക്ഷത്തിനും സര്‍ക്കാരിനുമെതിരെ പട നയിക്കുന്ന ഒരു പത്രത്തില്‍ നിന്ന് ഇടതുപക്ഷത്തെ ഘടകകക്ഷിയെക്കുറിച്ച് പോസിറ്റീവായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ. സ്‌റ്റോറി ഫോര്‍വേഡ് ചെയ്യുന്നവരുടെ ഉദ്ദേശവും അത് തന്നെ.