HealthKERALAlocalOtherstop news

നേഴ്സുമാരുടെ സമരം ന്യായം , നീതി വൈകരുത്: ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം :

‘നീതി ജലം പോലെ ഒഴുകട്ടെ’. ബൈബിളിലെ പ്രവാചകനായ ആമോസിൻ്റെ വാക്കുകളാണിത്. നീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളിലെല്ലാം ഈ വാക്കുകൾ മുഴങ്ങാറുണ്ട്. ഇപ്പോൾ അത് മുഴങ്ങുന്നത് കേരളത്തിലെ തെരുവുകളിലാണ്. ന്യായമായ വേതനത്തിനായി തെരുവിൽ സമരം ചെയ്യുന്ന നേഴ്സുമാർക്കു വേണ്ടി.

ഇത് കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടോ? തീർച്ചയായും ഇല്ല! എങ്കിലും കേൾക്കേണ്ടവർ കേട്ടോ? അവരും കേട്ടിട്ടുണ്ട് ! എങ്കിലും കേട്ടില്ല എന്ന് നടിക്കുകയാണ്.

യേശുവിൻ്റെ ശിഷ്യരിൽ ഒരുവനായ യാക്കോബ് ശ്ലീഹാ പറയുന്നു : “നിങ്ങളുടെ നിലങ്ങളില്‍നിന്നു , വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ, പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു ”
(യാക്കോബ്,5 : 4). അതെ കേരളത്തിൻ്റെ ആരോഗ്യ രംഗത്ത് രാപകലില്ലാതെ കഠിനാധ്വാനം ചെയ്തവരെ ചൂഷണം ചെയ്ത് പിടിച്ചുവച്ച കൂലിയുടെ നിലവിളി ഇവിടെ മുഴങ്ങുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാൽ മതി; ആർക്കും കേൾക്കാം.

പ്രവാചകനായ മുഹമ്മദ് പഠിപ്പിക്കുന്നത് “തൊഴിലാളിയുടെ വിയർപ്പ് ഉണങ്ങുന്നതിന് മുമ്പ് കൂലി നൽകണമെന്നാണ്.” വേദങ്ങളുടെ അടിസ്ഥാന തത്വം തന്നെ ധർമ്മം അനുഷ്ഠിക്കലാണ്.

തൊഴിലാളിക്ക് ന്യായമായ കൂലി നൽകേണ്ടത് നീതിയുടെയും മനുഷ്യാന്തസിൻ്റെയും മാത്രമല്ല അടിസ്ഥാന ധാർമ്മികതയുടെയും കാര്യമാണെന്ന് മഹാന്മാഗാന്ധി പറയുന്നുണ്ട്. മാർക്സിയൻ തത്വമനുസരിച്ച് തൊഴിലാളിക്ക് പ്രതിഫലമായി ന്യായമായ കൂലി മാത്രം നൽകിയാൽ പോരാ, ലാഭത്തിൻ്റെ വിഹിതവും (surplus value) നൽകണം!!

ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രിക ലേഖനം തൊഴിലാളിക്ക് നൽകേണ്ട വേതനത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്.
“വേതനം തൊഴിലാളിക്കും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മാന്യമായി ജീവിക്കാൻ ഉതകുന്നതാകണം ”
“ന്യായമായ വേതനം എന്നത് ലോക സാമൂഹ്യ – സാമ്പത്തിക ക്രമത്തിൽ നീതി നിർവ്വഹിക്കുന്നതിനുള്ള അടിസ്ഥാന തത്വമായിരിക്കണം” എന്നാണ് ജോൺ രണ്ടാമൻ മാർപാപ്പയുടെ ‘ലബോരം എക്സർചെൻസ്’ എന്ന ചാക്രിക ലേഖനവും വ്യക്തമാക്കുന്നത്.

മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു മതശാസനയിലോ തത്വചിന്തയിലോ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും കൊടിയ തൊഴിൽ ചൂഷണം ഇവിടെ നിർബാധം തുടർന്നത്. നേഴ്‌സുമാരുടെ ദീർഘനാളത്തെ നിശ്ശബ്ദമായ കരച്ചിൽ നിലവിളിയായി തെരുവിൽ ഉയരേണ്ടി വന്നു, പൊതുസമൂഹം ഇത് ശ്രദ്ധിക്കാൻ.

അവിദഗ്ധരായ അതിഥി തൊഴിലാളിക്ക് മാന്യമായ കൂലി നൽകുന്ന നാടാണ് കേരളം. എന്നിട്ടും എന്തുകൊണ്ടാണ് അതിവിദഗ്ധരായ നേഴ്സ് സമുഹത്തോട് ഇത്രയും ക്രൂരമായ തൊഴിൽ ചൂഷണം ഇക്കാലമത്രയും നമ്മൾ നടത്തിയത്? ഇപ്പോഴും അത് തുടരുന്നത്?

നാല്പതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന നേഴ്സുമാരുടെ ആവശ്യം അല്പം പോലും അധികമല്ല. തികച്ചും ന്യായമാണ്.

‘നീതി ജലം പോലെ ഒഴുകട്ടെ’
(ആമോസ് 5:24)

ഫാ. അജി പുതിയാപറമ്പിൽ
(06-03-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close