കോഴിക്കോട് : ക്രിസ്മസ് – പുതുവത്സരാഘോഷം കൊഴുപ്പിക്കാൻ വൻതോതിൽ ഇലക്ടിക് – ഇലക്ട്രോണിക്സ് – പേപ്പർ ഉത്പന്നങ്ങൾ ശേഖരിച്ച , കോഴിക്കോട് നഗരത്തിലെ ” എലിമാളം ” എന്നറിയപ്പെടുന്ന ഒയാസിസ് കോമ്പൗണ്ട് വൻ സുരക്ഷാഭീഷണിയിൽ . എലിമാളം പോലെ വിസ്തൃതി കുറഞ്ഞ ഊടുവഴികൾ നിറഞ്ഞ ഇവിടെ നിയമങ്ങൾ കാറ്റിൽ പറത്തിയും അഗ്നിബാധക്ക് വഴിയൊരുക്കിയും ഭീമമായ തോതിൽ വൈദ്യുതി വിളക്കുകൾ നിരത്തിയിട്ടും ഒരു പരിശോധന പോലും നടത്താൻ ജില്ലാ ഭരണകൂടമോ, നഗരസഭയോ , അഗ്നിശമനസേനാ വിഭാഗമോ , ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ, വൈദ്യുതി ബോർഡോ , പോലീസോ തയ്യാറാകുന്നില്ല. അമിത ലാഭത്തിൽ കണ്ണുനട്ട ചിലരുടെ രാഷ്ട്രീയ ബന്ധങ്ങളാണ് അധികൃതർ നോക്കുകുത്തിയാകാൻ കാരണം. അടുത്തിടെ രണ്ട് അഗ്നിബാധകൾ സംഭവിച്ച മിഠായി തെരുവിനും , കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ഇടയിലാണ് ഓയാസീസ് കോമ്പൗണ്ട്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് തുടങ്ങി എന്തെങ്കിലും അത്യാഹിതം സംഭവിച്ചിൽ അത്ര പെട്ടന്നൊന്നും ഫയർഫോഴ്സിന് ഇവിടെ എത്തിപെടാനാവില്ല. ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം വ്യാസമുള്ള നിരവധി ഇടവഴികൾ ഇവിടെയുണ്ട്. ഈ മെലിഞ്ഞ വഴികളിൽ സുഗമ യാത്ര തടസപ്പെടുത്തി വ്യാപാരികളുടെയും കടയിലെ ജീവനക്കാരുടെയും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. തീപിടുത്തമോ മറ്റോ ഉണ്ടായിൽ പ്രഹരശേഷി പതിന്മടങ്ങ് വർധിപ്പിക്കാൻ ഇന്ധനം നിറച്ച ഈ ഇരുചക്ര വാഹനങ്ങൾക്ക് കഴിയും. സാധനങ്ങൾക്ക് വില പൊതുവെ കുറവായതിനാൽ ഹോൾസെയിൽ വിലയിൽ സാധനങ്ങൾ വാങ്ങാൻ ആയിരക്കണക്കിനാളുകൾ ഇവിടെ എത്താറുണ്ട്. വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലായിരിക്കും. ഊടുവഴികൾക്കിരുവശങ്ങളിലും കോണിപ്പടികളിലുമെല്ലാം ക്രിസ്മസ് വിളക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കോണിപ്പടികൾ തടസപ്പെടുത്തി അതിന് താഴെ വരെ അനധികൃത കച്ചവടം കൊഴുക്കുന്നു. ഉടമകളായ ചിലർ മിക്ക കടകളും കൈയടക്കി വച്ചിരിക്കയാണെന്ന് ഇവിടുത്തെ ചില വ്യാപാരികൾ തന്നെ സമ്മതിക്കുന്നു. ഇനിയൊരു ദുരന്തം ഉണ്ടാവും മുൻപ് ഓയാസീസ് വളപ്പിൽ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മിഠായിതെരു, എം.പി റോഡ്, കോട്ടപ്പറമ്പ് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ നിന്നെല്ലാം ഒയാസിസ് വളപ്പിലേക്ക് ഊടുവഴികളുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയുടെ തൊട്ടടുത്തുള്ള ഓയാസീസ് കോമ്പൗണ്ടിൽ ഇനിയും സുരക്ഷ ഉറപ്പാക്കാത്തത് അധികൃതരുടെ കടുത്ത അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Related Articles
Check Also
Close-
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു
March 11, 2021