
കോഴിക്കോട് : ഓൺലൈൻ ട്രേഡിങ് ജോലി ടെലിഗ്രാം വഴി വാഗ്ദാനം ചെയ്ത് കുണ്ടായിതോട് സ്വദേശിനി ആയ യുവതിയുടെ പണം തട്ടിയ കേസിൽ ആലുവ സ്വദേശിയായ നിതിൻ ജോൺസൻ മാവും കൂട്ടത്തിൽ ( 31) നെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു.
2023 ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും പിന്നീട് ടെലിഗ്രാം ലിങ്ക് വഴി വിവിധ ടാസ്കുകൾ ചെയ്യാൻ ആവശ്യപ്പെട്ടും, ബിറ്റ്കോയിൻ ടേഡിംഗ് ടാസ്ക് നടത്തിച്ചും പല തവണവളായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച് പരാതിക്കാരിയുടെ കൈയിൽ നിന്നും 17,56,828- രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ എറണാകുളം സ്വദേശി മുണ്ടൊച്ചാലിൽ നിസാർ (32) കഴിഞ്ഞ മാസം അറസ്റ്റിൽ ആയിരുന്നു. ഈ കേസ്സിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവരെ കുറിച്ച് അന്വേഷണം നടന്നുവരുന്നുണ്ടെന്നും നല്ലളം പോലീസ് പറഞ്ഞു.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. എം. സിദ്ധിഖിന്റെ നേതൃത്വത്തിൽ നല്ലളം പോലീസ് ഇൻസ്‌പെക്ടർ സുമിത്ത് കുമാർ, എസ്. ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ രജിൻ, ഷംന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.