
കോഴിക്കോട് : ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശി റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രൻ്റെ മൃതദേഹം തമിഴ്നാട് ചേരമ്പാടി വനത്തിൽ നിന്ന് കുഴിച്ചെടുത്ത സംഭവത്തിൽ ഹേമചന്ദ്രൻ്റെ മൊബൈൽ ഫോണുകൾ കണ്ടെത്തിയത് അതീവ ദുർഘട പ്രദേശത്ത് നിന്ന്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ ജിജീഷിൻ്റെ നേതൃത്വത്തിൽ വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷു( 27) മൊത്ത് മൈസൂരിനടത്ത ലളിതസാന്ദ്രപുരിയിൽ റോഡിൽ നിന്ന് മാറി ഊടുവഴികൾ താണ്ടിയാണ് സ്ഥലത്തെത്തിയത്. വിജനമായ ഇവിടെ കുറ്റിക്കാടുകൾക്കിടയിലെ പാറയുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതി അജേഷ് യാതൊരു കൂസലുമില്ലാതെ പാറയ്ക്കടിയിൽ നിന്ന് ഫോണുകൾ എടുത്ത് പോലീസിന് കൈമാറി. ഹേമചന്ദ്രൻ്റെ രണ്ട് ഫോണും കളും സിം ഊരി മാറ്റിയ ശേഷമായിരുന്നു ഇവിടെ ഒളിപ്പിച്ചത്. സാംസങ്ങ്, നോക്കിയ ബേസ് മോഡൽ ഫോണുകൾക്ക് കാര്യമായ കുഴപ്പം സംഭവിച്ചിട്ടില്ല. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറി. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ഈ ഫോണിൽ നിന്ന് ഹേമചന്ദ്രൻ്റെ ശബ്ദത്തിൽ മക്കളോടും ബന്ധുക്കളോടും സംസാരിച്ചിരുന്നു. ബിസിനസ് ആവശ്യത്തിന് പുറത്തുപോയാൽ പെട്ടെന്നൊന്നും ഹേമചന്ദ്രൻ മടങ്ങി വരാറില്ലാത്തതിനാൽ ബന്ധുക്കളും മറ്റും അത് വിശ്വസിച്ചു. ഒരിക്കൽ അഛൻ്റെ ശബ്ദത്തിൽ മാറ്റമുണ്ടല്ലോ എന്ന് മകൾ ഫോണിൽ സംശയം ഉന്നയിച്ചപ്പോൾ – അഛന് ജലദോഷമാണെന്ന് മറുപടി നൽകി അജേഷ് കബളിപ്പിച്ചു. ചിത്രം – മൈസൂരിലെ ദുർഘട മേഖലയിൽ നിന്ന് ഫോണുകൾ കണ്ടെടുത്തപ്പോൾ




