KERALAlocalOthersPoliticstop newsVIRAL

പാളയം ലോക്കൽ ഏരിയ പ്ലാൻ ഗസറ്റ് വിജ്ഞാപനത്തിന് നഗരസഭാ കൗൺസിൽ അംഗീകാരം : യുഡിഎഫ് വിയോജിച്ചു

* ഇതോ അടിയന്തിര കൗൺസിൽ ?

കോഴിക്കോട് : പാളയം മേഖലയുടെ വികസനം ലക്ഷ്യമിട്ട് എൻ ഐ ടി യുടെ സഹായത്തോടെ തയ്യാറാക്കിയ – പാളയം ലോക്കൽ ഏരിയ പ്ലാൻ – ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന് കോഴിക്കോട് നഗരസഭാ കൗൺസിൽ തീരുമാനം. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് ഇതുസംബന്ധിച്ച അജണ്ട മേയർ ഒ. സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാസാക്കിയത്. കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്ന പദ്ധതിയായതിനാൽ ബി ജെ പി അംഗങ്ങൾ പിന്തുണച്ചു. യുഡിഎഫിലെ ഷമീൽ സയ്യിദ് തങ്ങൾ, കെ.സി ശോഭിത , എസ് കെ അബൂബക്കർ, ഫാത്തിമ തഹ് ലിയ, സഫറി വെള്ളയിൽ എന്നിവർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിനെ എതിർത്തു. ചിന്താവളപ്പ് ഫ്ലാറ്റുടമകൾ അടക്കം പാളയം മേഖലയിലെ ഭൂവുടമകൾക്ക് കടുത്ത ആശങ്കയുള്ളതിനാൽ അജണ്ട പാസാക്കരുതെന്നായിരുന്നു യുഡിഎഫിൻ്റെ ആവശ്യം. എന്നാൽ ഇത് ഒരു പ്രൊപ്പോസൽ മാത്രമാണെന്നും ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷം ഭൂവുടമകളുടെ അഭിപ്രായവും നിർദ്ദേശവും കണക്കിലെടുത്തേ പ്ലാൻ നടപ്പാക്കൂ മെന്നും നഗരസഭാ സെക്രട്ടറി എൻ.കെ അനീഷ് വിശദീകരിച്ചു. മാർച്ച് 31നകം പ്ലാൻ ഗസറ്റിൽ വിജ്ഞാപനം ചെയ്തില്ലങ്കിൽ കേന്ദ്രം ഈ പദ്ധതിയുടെ പ്രാരംഭ നടപടിക്ക് അനുവദിച്ച രണ്ട് കോടി രൂപ നഷ്ടപ്പെടുമെന്ന് മേയർ വ്യക്തമാക്കി. പ്ലാൻ വിജ്ഞാപനം ചെയ്തതിന് ശേഷമെ ഭൂവുടമകളുടെ അഭിപ്രായം സ്വീകരിക്കാൻ കഴിയൂവെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീയും, സ്ഥിരം സമിതി ചെയർമാൻ വി.പി. മനോജും ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും ഗസറ്റ് വിജ്ഞാപനം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്നും ഡെപ്യൂട്ടി മേയർ അഭ്യർത്ഥിച്ചു. ഇതേ തുടർന്ന് നടത്തിയ പരാമർശത്തിൽ യുഡിഎഫിലെ ഫാത്തിമ തഹ് ലിയ ഡെപ്യൂട്ടി മേയറോട് കൊമ്പുകോർത്തു. ഫാത്തിമയെ പിന്താങ്ങി യു ഡി എഫിലെ സഫറി വെള്ളയിലും രംഗത്തെത്തി. ഇതോടെ , അജണ്ടയെ തങ്ങൾ അംഗീകരിക്കുന്നതായി ബി ജെ പി യിലെ നമ്പിടി നാരായണൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്ന് യാതൊന്നും കിട്ടുന്നില്ല, കിട്ടുന്നില്ല – എന്ന് എൽഡിഎഫ് പതിവായി പരിതപിക്കുമ്പോൾ – ഇപ്പോൾ രണ്ടു കോടി കിട്ടുന്നത് സമ്മതിച്ചല്ലോ എന്ന കാര്യത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ബി ജെ പി അംഗം ടി. റെനീഷ് പറഞ്ഞു. പാളയം പച്ചക്കറി മാർക്കറ്റ് മാറ്റം സംബന്ധിച്ച പ്രശ്നം തീരാത്തതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റിയിട്ട് മതി പ്ലാൻ വിജ്ഞാപനമെന്ന് യുഡിഎഫിലെ കെ.സി ശോഭിത ആവശ്യപ്പെട്ടു. പാളയം എന്നു കേൾക്കുമ്പോഴേ എല്ലാത്തിനെയും എതിർത്ത് മുൻവിധിയോടെ സംസാരിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ പറഞ്ഞു. ആരെങ്കിലും എതിർത്താൽ പ്രശ്നമാകുമെന്ന എതിർപ്പുമായി യുഡി എഫിലെ ഷമീൽ സയ്യിദ് തങ്ങൾ എഴുന്നേറ്റപ്പോൾ – ജനങ്ങളുടെ താൽപര്യത്തിന് ആരും എതിരു നിൽക്കില്ല എന്ന് ഉറച്ച സ്വരത്തിൽ നിലപാട് അറിയിച്ച് മേയർ ഷമീൽ തങ്ങളോട് ഇരിക്കാൻ നിർദ്ദേശിക്കുകയും അജണ്ട പാസാക്കുകയുമായിരുന്നു. ഫയലുകളിൽ കാലതാമസം വരുത്തുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. മുൻപ് ഫയലിൽ കാലതാമസം വരുത്തിയതുമൂലം നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ നഗരസഭാ സെക്രട്ടറി കർശന നടപടിക്ക് ശിപാർശ ചെയ്തതായും, ഉദ്യോഗസ്ഥൻ്റെ വിശദീകരണം കേട്ട ശേഷം മേയറും കൗൺസിൽ അംഗങ്ങളും ചേർന്ന് നടപടി പ്രാഖ്യാപിക്കാനും തീരുമാനിച്ചു. സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് ഫുട്പാത്ത് കോൺക്രീറ്റ് ചെയ്യുന്നതിനായി 2.85 ലക്ഷം രൂപ അനുവദിക്കുന്ന അജണ്ടയെ ചൊല്ലിയും തർക്കമുണ്ടായി. ഒരു സ്വകാര്യ വ്യക്തിക്ക് മാത്രം ഗുണം ലഭിക്കുന്ന വിഷയം അടിയന്തിര കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തിയതിലെ ക്രമ പ്രശ്നം ബി ജെ പി യിലെ നവ്യ ഹരിദാസാണ് ഉന്നയിച്ചത്. മുൻ കൗൺസിലിൻ്റെ കാലത്ത് 25-ാം വാർഡിലാണ് സ്വകാര്യ വ്യക്തിയുടെ ഫുട്പാത്ത് കോൺക്രീറ്റ് ചെയ്യാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്. സിപിഎം അനുഭാവിയായ സ്വകാര്യ വ്യക്തി വെറുമൊരു കടലാസിൽ അപേക്ഷ നൽകിയപ്പോൾ വാർഡ് കൗൺസിലർ അറിയാതെ മരാമത്ത്- ധനകാര്യ കമ്മറ്റികൾ ചേർന്ന് തുക പാസാക്കിയത് ശരിയായില്ലെന്ന് ബി ജെ പി അംഗം ടി. റെനീഷ് ചൂണ്ടിക്കാട്ടി. ഇനി കൗൺസിലർമാർ അറിയാതെ ഒരു വാർഡിലും ഇങ്ങനെ തുക പാസാക്കരുതെന്ന റെനീഷിൻ്റെ നിർദ്ദേശം മേയർ അംഗീകരിച്ചു.                           ഇതോ അടിയന്തിര യോഗം? ഇന്നു അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങൾ ഉൾപ്പെടുത്തി അടിയന്തിര കൗൺസിൽ യോഗം വിളിച്ചതിലും വാദപ്രതിവാദങ്ങൾ അരങ്ങേറി.ബി ജെ പിയംഗം നവ്യ ഹരിദാസാണ് ക്രമ പ്രശ്നം ഉന്നയിച്ചത്. അജണ്ടയായി ചേർത്ത 24 വിഷയങ്ങളും അടിയന്തിര പ്രാധാന്യമില്ലാത്തതാണെന്നായിരുന്നു ഉന്നയിച്ച ന്യായം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഒരു പദ്ധതികളും നടപ്പാക്കാൻ കഴിയാത്തതിനാലാണ് അടിയന്തിര കൗൺസിൽ വിളിക്കേണ്ടി വന്നതെന്നും, വിവിധ പദ്ധതികൾ മാർച്ച് 31നകം നടപ്പാക്കാത്ത പക്ഷം കോടിക്കണക്കിന് രൂപ നഗരസഭയ്ക്ക് നഷ്ടപ്പെടുമെന്നും മേയർ വിശദീകരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close