
എറണാകുളം : സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററെ കൊടുംക്രിമിനൽ ഗോവിന്ദചാമിയോട് ഉപമിച്ച ഫാ. ഫിലിപ്പ് കവിയിലിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ.
*ഗോവിന്ദച്ചാമിയാണോ ഗോവിന്ദൻ ???*
‘സി.പി.എം. സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ, ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്’ എന്ന ഫാ. ഫിലിപ്പ് കവിയിലിൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു (12-08-2025).
കേരളത്തിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ ഗോവിന്ദച്ചാമി എന്ന കൊടുംക്രിമിനലിനോട് ഉപമിച്ച ഫാ. ഫിലിപ്പ് കവിയിലിൻ്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും സാംസ്ക്കാരിക കേരളത്തിന് തീർത്തും അരോചകവുമാണ്.
നേതാക്കൾക്കെതിരെ എന്നല്ല ആർക്കെതിരെയും ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ പാടില്ല. കത്തോലിക്ക കോൺഗ്രസ്സിൻ്റെ ഗ്ലോബൽ സമിതിയുടെ ഡയറക്ടറാണ് ഫാ. ഫിലിപ്പ് കവിയിൽ. താൻ വഹിക്കുന്ന സ്ഥാനത്തിനും പ്രതിനിധീകരിക്കുന്ന സമൂഹത്തിനും ഒട്ടും യോജിക്കുന്നതല്ല ഇത്തരം തരംതാണതും ഹീനവുമായ പ്രസ്താവനകൾ. വിമർശിക്കേണ്ടതിനെ വിമർശിക്കണം. അപ്പോഴും വാക്കുകളിൽ മിതത്വവും സൂക്ഷ്മതയും പുലർത്തേണ്ടത് അത്യാവശ്യമാണ്.
ഒന്നുകിൽ ഫാ. ഫിലിപ് കവിയിൽ സ്വയം തിരുത്തുകയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്യുക. അല്ലെങ്കിൽ അധികാരികൾ അദ്ദേഹത്തെക്കൊണ്ട് തിരുത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക.
ഫാ. അജി പുതിയാപറമ്പിൽ
13-08-2025




