കോഴിക്കോട്: മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് വി.എൻ. ജയ ഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജയതിലകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബാലഗോപാലൻ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, ഫോറം മുൻ ജില്ലാ പ്രസിഡന്റ് സി.എം. കൃഷ്ണ പണിക്കർ എന്നിവർ പ്രസംഗിച്ചു. എൻ.പി.ചെക്കുട്ടി പ്ര വർത്തന പരിപാടിയും ഹരിദാസൻ പാലയിൽ പ്രമേയവും അവതരിപ്പിച്ചു. വിവിധ പുരസ്ക്കാരങ്ങൾ നേടിയ പി.കെ.മുഹമ്മദ്, ജമാൽ കൊച്ചങ്ങാടി, പി.കെ. പാറക്കടവ്, ടി.ബാലകൃഷ്ണൻ, എം.ജയതിലകൻ , കെ.എഫ് ജോർജ്, റഹിം പൂവാട്ടു പറമ്പ്, നടുക്കണ്ടി അബൂബക്കർ, കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. സംഘാടക സമിതി ചെയർമാൻ എം.സുധീന്ദ്ര കുമാർ സ്വാഗതവും ജനറൽ കൺവീനർ കെ. മോഹൻദാസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുടുംബ മേള നടക്കാവ് മുഹമ്മദ് കോയ നിയന്ത്രിച്ചു. അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത പാസിംഗ് ദ ഹാറ്റ് പരിപാടിയും ഭാര്യമാർ അണിനിരന്ന ഗാനാലാപനവും കൊഴുപ്പു കൂട്ടി. സംഗീത പരിപാടിയും ഇമ്പമുള്ളതായി. പങ്കെടുത്ത അംഗങ്ങൾക്കും വിട്ടുപിരിഞ്ഞ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഉപഹാരം നൽകി. രാവിലെ പത്തിനാരംഭിച്ച പരിപാടികൾക്ക് വൈകിട്ട് നാലിന് തിരശീല വീണു.