ഓണക്കാലത്ത് കണ്ടയ്മെന്റ് ഏരിയകളിലും വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി കേരളത്തില്‍ മാര്‍ച്ച് അവസാനം മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുടര്‍ച്ചയായ രണ്ടുമാസം അടഞ്ഞു കിടന്നു. പിന്നീടും നിയന്ത്രണങ്ങളോടെ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചുവരുന്നത്. കച്ചവടം നഷ്ടപ്പെട്ട് അങ്ങേയറ്റം ബുദ്ധിമുട്ടില്‍ കഴിയുന്ന 90 ശതമാനം വ്യാപാര സമൂഹത്തിന്റെയും ആകെ പ്രതീക്ഷയാണ് ഓണത്തിന് മുന്നോടിയായി നടക്കുന്ന ഒരാഴ്ചക്കാലത്തെ കച്ചവടം. ഓണക്കാലത്തും ഇളവ് നല്കാന് തയ്യാറാവാത്ത നിയന്ത്രണങ്ങളും , കണ്ടയ്മെന്റ് സോണുകളും വ്യാപാരികളുടെയും, വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും പ്രതീക്ഷകളെ വീണ്ടും തല്ലിക്കെടുത്തിയിരിക്കുകയാണ്. കോവിഡ് കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ക്കും പ്രതിസന്ധികള്ക്കുമിടയലും പുത്തന്‍ പ്രതീക്ഷകളുമായി കടന്നു വരുന്ന ഈ ഓണക്കാലവും മലയാളികളെല്ലാം ഒറ്റ മനസ്സോടെ ആഘോഷിക്കും. ഇനി വരുന്ന ഒരാഴ്ചക്കാലെമെങ്കിലും; കണ്ടോണ്മെന്റ് സോണുകളില്‍ ഉള്‍പ്പെടെ, വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആരോഗ്യ വകുപ്പും പോലീസും നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും , സുരക്ഷാക്രമീകരണങ്ങളും പാലിക്കുവാനും വ്യാപാരികള്‍ തയ്യാറാണ് . അത് ഉറപ്പു വരുത്തുവാന്‍ വേണ്ടുന്ന എല്ലാ ഇടപെടലുകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതാണ്. കേരളം ഭരിച്ച ക്ഷേമ തല്‍പ്പരനായ മഹാബലിയുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഈ കോവിഡ് കാലത്ത് വീണ്ടുമൊരോണം കടന്നു വരുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തെ കരുതേണ്ട സര്‍ക്കാര്‍ പട്ടിണിയിലും ബുദ്ധിമുട്ടിലും കഴിയുന്ന വ്യാപാരികളുടെ അവസ്ഥയും മനസ്സിലാക്കണമെന്നും വ്യാപാരികളുടെ ന്യായമായ ഈ ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
Check Also
Close-
കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം: യുവജനതാദൾ (എസ്)
July 24, 2024