
കോഴിക്കോട് : അസ്സാം സ്വദേശിനിയായ 17 വയസ്സുള്ള പെൺകുട്ടിയോട് ജോലി വാഗ്ദാനം ചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതികളായ അസ്സാം സ്വദേശികളായ ഫുർഖാൻ അലി (26 ), അക്ളിമ ഖാതുൻ (24 ) എന്നിവരെയാണ് ടൌൺ പോലീസ് സംഘം അസ്സാമിൽ പോയി അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.
കാമുകീ കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കണം എന്ന ഉദ്ദേശത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം മുഖേന ബന്ധം സ്ഥാപിക്കുകയും, കേരളത്തിൽ വീട്ട് ജോലി തരപ്പെടുത്തി തരാമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചും പ്രലോഭിപ്പിച്ച് പെൺകുട്ടിയെ ആസാമിൽ നിന്നും കൂട്ടി കൊണ്ട് വന്ന് കോഴിക്കോട് റയിൽവേ സ്റ്റേഷന് സമീപത്തുളളതായ ലോഡ്ജിൽ താമസിപ്പിക്കുകയും, മുറിയിൽ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയും, പെൺകുട്ടിയുടെ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി മററുള്ളവർക്ക് കാഴ്ച്ച വെക്കുകയും ലൈംഗീകാതിക്രമത്തിന് വിധേയമാക്കുകയുമായിരുന്നു.
ഈ കാര്യത്തിന് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവിരം മനസ്സിലാക്കിയ പ്രതികൾ മുങ്ങുകയായിരുന്നു. കേസിന്റെ അന്വേഷണ മധ്യേ പ്രതികൾ ഒറീസയിലെ ഭദ്രക് റയിൽവേ സ്റ്റേഷൻ ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, SCPO വന്ദന, CPO മാരായ സോണി നെരവത്ത്, ജിതിൻ, കൂടാതെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ASI അനൂപ്, CPO സാജിദ്, ഡി.എച്ച്.ക്യൂ. CPO അമീൻ ബാബു എന്നിവരടങ്ങിയ സംഘം ഒഡീഷയിലെ ഭദ്രക് എന്ന സ്ഥലത്ത് നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.