
കോഴിക്കോട്: പോക്സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിദേശത്തേക്ക് കടന്നുകളയാൻ ശ്രമിച്ച കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി അമീർ മഹലിൽ അമീർ സുഹൈൽ (20 വയസ്സ്)ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്.
2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കക്കോടി സ്വദേശിനിയായ പ്രയപൂർത്തിയാവാത്ത പെൺകുട്ടിയെ മലാപ്പറമ്പിൽ വെച്ചും, ബാംഗ്ലൂരിലുള്ള മടിവാളയിൽ വെച്ചും പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും തട്ടികൊണ്ടു പോയി അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ, തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നുകളയാൻ സാധ്യതയുണ്ടന്ന് മനസ്സിലാക്കിയ നടക്കാവ് പോലീസ് പ്രതിയ്ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷനിലെ ASI മാരായ സുനീഷ്, രജിത, SCPO പ്രസാദ്, CPO വിപിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.




