
കോഴിക്കോട്: നല്ലളം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾ അടങ്ങിയ കേസിലെ രണ്ടാം പ്രതിയായ അസം സ്വദേശി ലാൽചാൻ ഷെയ്ഖ് (53 ) നെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒന്നാം പ്രതി നസീദുൽ ഷേഖ് (21) നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂർ ശാരദാമന്ദിരം എന്ന സ്ഥലത്ത് വാടകക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് 2023 ഒക്ടോബറിൽ കടത്തി കൊണ്ട് പോയി ലൈംഗികവൃത്തിക്കായി ഹരിയാനയിലുള്ള ഒന്നാം പ്രതിയുടെ പിതാവും ഈ കേസിലെ രണ്ടാം പ്രതിയുമായ ലാൽചാൻ ഷേഖിന് കൈമാറുകയായിരുന്നു. ലാൽചാൻ ഷേഖ് 25000/- രൂപയ്ക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി ആയ സുശീൽ കുമാറിന് (35) വിൽക്കുകയും, തുടർന്ന് അവർ തന്റെ വീട്ടിൽ കൊണ്ടു പോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയുമായിരുന്നു. ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ നസീദുൽ ഷേഖ്, സുശീൽ കുമാർ എന്നിവ നേരത്തെ അറസ്റ്റിൽ ആയിരുന്നു.
പെൺകുട്ടിയെ ലൈംഗികവൃത്തിക്കായി വിൽപന നടത്തിയ രണ്ടാം പ്രതിയെ അന്വേഷിച്ചു നല്ലളം പോലീസ് 2025 ജൂൺ മാസത്തിൽ വീണ്ടും ആസാമിലേക്കു പുറപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ പോയ പ്രതിയെ അന്വേഷിക്കുന്നതിനിടയിൽ പ്രതി കർണ്ണാടകയിൽ ഒളിവിൽ കഴിയികയാണെന്ന രഹസ്യവിവരം പോലീസിന് ലഭിയ്ക്കുകയായിരുന്നു. ഉടൻതന്നെ നല്ലളം പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം മറ്റൊരു അന്വേഷണ സംഘത്തെ കർണാടകയിലേക്ക് അയയ്ക്കുകയായിരുന്നു. കർണ്ണാകത്തിൽ പ്രതി പോകുവാനും ജോലിചെയ്യുവാനും സാധ്യതയുള്ള നിരവധി എസ്റ്റേറ്റുകളും, അവിടെ ജോലിചെയ്യുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകളും പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം ഓഫ് റോഡ് വാഹനങ്ങൾ മാത്രം പോകുന്ന ടൈഗർ റിസർവ്വ് ഫോറസ്റ്റിനോട് ചേർന്നുള്ള ചിക് മാംഗ്ളൂർ ഡിസ്ട്രിക്കിലെ സിൻജിഗാനേഖാൻ കാപ്പി എസ്റ്റേറ്റിൽ അന്വേഷണ സംഘം എത്തുകയും അവിടെ നിന്നും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അതി സാഹസികമായി പിടികൂടുകയുമായിരുന്നു. നല്ലളം പോലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ. കെ, സബ് ഇൻസ്‌പെക്ടർമാരായ ശൈലേന്ദ്രൻ, സുനിൽ കുമാർ, എ.എസ്.ഐ രാജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ സഫീൻ, രഞ്ജിത്ത്, റിജു, സൈബർ സെൽ SCPO സ്കൈലേഷ്. വി എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
ഈ കേസിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒന്നാം പ്രതി നസീദുൽ ഷേഖ് അസമിലേക്ക് രക്ഷപ്പെടുകയും, നല്ലളം പോലീസ് ആസ്സാമിലെത്തുകയും അസാം പോലീസിന്റെ സഹായത്തോടെ 2024 നവംബർ മാസം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അസാമിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യ ബിഹാറിലെ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്താറായപ്പോൾ പ്രതി തീവണ്ടിയിൽനിന്ന് ചാടി രക്ഷപ്പെടുകയും, തുടർന്ന് 2025 മെയ് മാസത്തിൽ ആസാമിൽ വെച്ച് ഒന്നാം പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയുമായിരുന്നു.




