KERALAlocal

പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവം: സി ഐക്കെതിരെ വാച്യാന്വേഷണം തുടങ്ങി

മലപ്പുറം: പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ.പി.എം.റിയാസിനെ തിരൂർ സിഐ ആയിരുന്ന ടി.പി ഫർഷാദ് മർദ്ദിച്ച സംഭവത്തിൽ വകുപ്പുതല നടപടിക്കു മുന്നോടിയായി വാച്യാന്വേഷണം (oral inquiry) തുടങ്ങി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനാണ് അന്വേഷണം നടത്തുന്നത്.  വാച്യാന്വേഷണത്തിന്റെ ഭാഗമായി സിഐ ഫർഷാദ്, റിയാസ്, സാക്ഷികൾ എന്നിവരുടെ മൊഴിയെടുക്കും. തുടർന്ന് തെളിവെടുപ്പിനു ശേഷമാണു വിചാരണ നടത്തുക. വാച്യാന്വേഷണത്തിന്റെ റിപ്പോർട്ട് ഡിഐജിക്കു സമർപ്പിക്കും.
വാച്യാന്വേഷണം സിഐ ഫർഷാദിന്റെ പ്രമോഷൻ, അംഗീകാരം തുടങ്ങിയ വകുപ്പുതല നടപടികളെ ബാധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിവൈഎസ്പി മോഹനചന്ദ്രൻ അറിയിച്ചു.
റിയാസിനെ മർദ്ദിച്ച സംഭവത്തിൽ സിഐയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെയും പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ് വാച്യാന്വേഷണത്തിന് ഉത്തരവിട്ടത്.
റിയാസ്‌ തന്റെ നാടായ തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് ജൂലൈ 8ന് ഫർഷാദിന്റെ അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. ഈ സമയം ഇവിടെയെത്തിയ പൊലീസ്‌ സംഘം വാഹനം നിർത്തി കടയിലേക്ക്‌ കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട്‌ ക്രൂരമായി തല്ലിച്ചതക്കുകയുമായിരുന്നു. പരുക്കേറ്റ റിയാസ് ഒരാഴ്ചയോളം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തേ ഫർഷാദിനെ തിരൂരിൽനിന്നു സ്ഥലംമാറ്റിയിരുന്നു.
മനുഷ്യാവകാശ കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികളുണ്ടാകുമെന്ന് കമ്മിഷൻ അറിയിച്ചു.
സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് കംപ്ലയ്ന്റ്സ് അതോറിറ്റിയിലും യൂണിയൻ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close