top news
പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

കോഴിക്കോട് : ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസുമായിട്ടുള്ള അടുത്ത ബന്ധം മതേതര സമൂഹത്തില്‍ വലിയ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകള്‍ ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള പല പ്രമാദ കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും കടുത്ത ഉദാസീനതയും യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹത്തെ ഇത് വളരെയധികം ആശങ്കപ്പെടുത്തുന്നതാണ്.
ഇടതുപക്ഷ സര്‍ക്കാരിനെതിരെ സര്‍വ്വായുധങ്ങളുമായി അണിനിരന്നിട്ടുള്ള എല്ലാ വലതുപക്ഷ ശക്തികളെയും ഇത് ആവേശപ്പെടുത്തുകയാണ്. ഭരണ നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രതിച്ഛായക്കും ഇത് വലിയ തോതില്‍ കോട്ടം വരുത്തിയിട്ടുമുണ്ട്, ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആരോപണ വിധേയനായ എഡിജിപിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല സര്‍ക്കാരിന്റെ ഉന്നത പദവിയിലിരുന്നു കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ ശക്തികളുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ടതിന് അദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുകയും വേണം. മലപ്പുറം ജില്ലയെ പ്രശ്‌ന ബാധിത മേഖലയാക്കി ചിത്രീകരിക്കാനുള്ള ചിലരുടെ കുല്‍സിത നീക്കങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്ന് ഒത്താശ ലഭിച്ചിട്ടുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കുകയും വേണം.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് കെപി ഇസ്മായില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്, ട്രഷറര്‍ ബഷീര്‍ ബടേരി, സെക്രട്ടറിയറ്റ് അംഗങ്ങളായ ഒപിഐ കോയ, സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, സാലിഹ് മേടപ്പില്‍, സിഎച് മുസ്തഫ, ജയിംസ് കാഞ്ഞിരത്തിങല്‍, ഒപി റഷീദ്, ശര്‍മദ് ഖാന്‍, റഫീഖ് അഴിയൂര്‍, മുഹമ്മദ് മാസ്റ്റര്‍, അഡ്വ. ഒകെ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.