കോഴിക്കോട്: നീണ്ട 90 വർഷങ്ങൾക്ക് ശേഷം സിറ്റി പൊലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സഹകാരികളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ തന്നെ സാരഥ്യമേറ്റെടുക്കുന്നു. സിറ്റി പൊലീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി ഭരണ സമിതി അംഗങ്ങളായ ജി എസ് ശ്രീജിഷ്, വൈസ് പ്രസിഡന്റായി ഹാജിറ പി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1932 ലാണ് കോഴിക്കോട് കേന്ദ്രമായി പൊലീസിന്റേതായ ഒരു സഹകരണ സ്ഥാപനം രൂപീകരിക്കപ്പെടുന്നത്. സംഘത്തിന്റെ പ്രസിഡന്റ് പദത്തിൽ ആദ്യകാലങ്ങളിൽ പൊലീസ് സൂപ്രണ്ടുമാരും പിന്നീട് സിറ്റിയിലെ പൊലീസ് സൂപ്രണ്ട് പോസ്റ്റ് കമ്മീഷണർ പോസ്റ്റായി മാറിയതിന് ശേഷം പൊലീസ് കമ്മീഷണർമാരുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് പുറത്ത് നിന്ന് എക്സ് ഒഫിഷ്യോ ആയിട്ടായിരുന്നു ഈ രീതി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളിൽ നിന്ന് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കണമെന്ന സഹകരണ നിയമത്തിന് വിരുദ്ധമായിരുന്നു ഈ രീതി. തുടർന്ന് 2021 ൽ ഭരണസാരഥ്യം വഹിക്കേണ്ടത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിൽ സംഘം ജനറൽ ബോഡിയിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും നടപ്പിൽ വരുത്തുകയുമായിരുന്നു.
2009 ൽ കോഴിക്കോട് സിറ്റിയിൽ സ്ഥാപിതമായ സിറ്റി പൊലീസ് എപ്ലോയീസ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ ഭരണസാരഥ്യത്തിലും ഇതുവരെ പ്രസിഡന്റായി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. ഭരണഘടനാ ഭേദഗതിയോടെ സ്റ്റോറിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഭരണസമിതി അംഗങ്ങളിലുള്ളവർ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി സന്തോഷ് എ എസ്, വൈസ് പ്രസിഡന്റായി റജീന പി കെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.