KERALAlocaltop news

യേശുവിനെ കത്തോലിക്കരുടെയും ക്രൈസ്തവരുടെയും തടവറയിൽ നിന്നും മോചിപ്പിച്ച് ലോകത്തിന് നല്കിയ പാപ്പ

എറണാകുളം : കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പ എന്ന യഥാർത്ഥ ക്രിസ്തുശിഷ്യനെ അനുസ്മരിച്ച് ഫാ. അജി പുതിയാപറമ്പിൽ –

*ഹൃദയം കീഴടക്കിയ പാപ്പ*

ഇന്ന് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലെ മണ്ണോടു ചേർന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ 60 രാഷ്ട്രത്തലവൻമാർ ഉൾപ്പെടുന്ന 130 രാജ്യങ്ങളിലെ പ്രതിനിധികളും, രണ്ടര ലക്ഷത്തിലധികം ജനങ്ങളുമാണ് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത്. അദ്ദേഹം വിട പറഞ്ഞ അന്നു മുതൽ തുടങ്ങിയതാണ് സ്നേഹാദരവുകളുടെയും കണ്ണീർ പൂക്കളുടെയും ഈ പ്രവാഹം.

എന്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പയെന്ന ഒരു മതനേതാവിൻ്റെ മരണത്തിൽ മറ്റു മതത്തിലുള്ളവർ പോലും ദുഃഖിക്കുന്നത്?

എന്തുകൊണ്ടാണ് മതമുള്ളവരും ഇല്ലാത്തവരുമായ ഈ ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും ഇദ്ദേഹത്തെ സ്വന്തം നെഞ്ചോട് ചേർക്കുന്നത് ?

എങ്ങനെയാണ് ഈ അർജൻ്റീനക്കാരൻ ലോകം മുഴുവൻ്റെയും ആദരവും സ്നേഹവും പിടിച്ചു പറ്റിയത് ?

എന്തുകൊണ്ടാണ് ഈ മനുഷ്യനെ ആധുനിക ലോകത്തിലെ വിപ്ലവകാരി എന്നു വിളിക്കുന്നത്? എന്ത് വിപ്ലവമാണ് അദ്ദേഹം ചെയ്തത്?

പറയാം….

1. മതമോ വംശമോ നോക്കാതെ മനുഷ്യരെ സ്നേഹിച്ചു . ഗാസയിലെയും യുക്രെയ്നിലെയും വേദനിക്കുന്ന മനുഷ്യർ അദ്ദേഹത്തിന് ഒരുപോലെയായിരുന്നു.
2. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി പോരാടി. പെസഹാദിനത്തിൽ അവരുടെ കാലുകൾ കഴുകി എന്ന് മാത്രമല്ല മെത്രാൻമാരുടെ കാര്യാലയത്തിൻ്റെ മേധാവിയായി പോലും ഒരു സ്ത്രീയെ (സിസ്റ്റർ നത്വാലി ബൊക്കാർട് ) നിയമിച്ചു.
3. സമൂഹത്തിലെ മാത്രമല്ല കത്തോലിക്കാ സഭയ്ക്കുള്ളിലെ അഴിമതികൾക്കെതിരെയും അവിശ്രമം പോരാടി.
4. സഭാ ഭരണത്തിൽ മുഴുവൻ അംഗങ്ങൾക്കും പങ്കാളിത്തം നല്കുന്ന ചർച്ചകൾക്ക് ആരംഭം കുറിച്ചു. (സിനഡ് ഓൺ സിനഡാലിറ്റി)
5. കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും അരികുവത്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും ശബ്ദവും പിന്തുണയും നല്കി.
6. ലൈംഗിക ന്യൂനപക്ഷങ്ങളോട് കരുണ കാണിച്ചു. അവരെയും ദൈവമക്കളെന്ന് വിളിച്ചു.
7. മനുഷ്യരുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തിന് വേണ്ടിയും നിലകൊണ്ടു.
8. ജീവിതത്തിലും മരണത്തിലും ലാളിത്യം ജീവിതചര്യയാക്കി.
9. സഭയെ പാപികളുടെയും പാവപ്പെട്ടവരുടെയും ആതുരാലയമാക്കി മാറ്റി.

ചുരുക്കിപ്പറഞ്ഞാൽ ഫ്രാൻസിസ് പാപ്പ ചെയ്ത വിപ്ലവം ഇതാണ് :

*യേശുവിനെ* *കത്തോലിക്കരുടെയും* *ക്രൈസ്തവരുടെയും തടവറയിൽ നിന്നും* *മോചിപ്പിച്ച് ലോകത്തിന് നല്കി.*

ഗാസ എന്ന് കേൾക്കുമ്പോൾ ഹാലിളകുന്നവർക്കും ലൈംഗിക ന്യൂനപക്ഷങ്ങൾ എന്ന് കേൾക്കുമ്പോൾ അസ്വസ്ഥരാകുന്നവർക്കും , ലിംഗ സമത്വം എന്ന് കേൾക്കുമ്പോൾ കലി കയറുന്നവർക്കും ഫ്രാൻസിസ് പാപ്പ അനഭിമതനായേക്കാം.

ചുങ്കക്കാരുടെയും പാപികളുടെയും ദരിദ്രരുടെയും കൂടെ ഭക്ഷണം കഴിച്ച, വ്യഭിചാരിണിയോട് കരുണ കാണിച്ച , സാബത്തിനേക്കാൾ വലുതാണ് മനുഷ്യൻ എന്ന് പ്രഖ്യാപിച്ച, സമരിയാക്കാരോടും വിജാതീയരോടും സൗഹൃദം സൂക്ഷിച്ച യേശുവും അന്നത്തെ യാഥാസ്ഥിതിക യഹൂദ സമൂഹത്തിന് അനഭിമതനായിരുന്നു എന്നത് ഓർക്കുക.

ഫ്രാൻസിസ് മാർപാപ്പ പ്രഘോഷിച്ച സുവിശേഷവും ജീവിച്ച ജീവിതവും യേശുവിൻ്റേതാണ്; യേശുവിൻ്റേത് മാത്രമാണ്.

മഹാനായ ഈ മനുഷ്യസ്നേഹി ഇനി വിണ്ണിൽ വിശ്രമിക്കും; മണ്ണിൽ മനുഷ്യരുടെ ഹൃദയത്തിൽ ജീവിക്കും

ഫാ. അജി പുതിയാപറമ്പിൽ
26/04/2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close