KERALAlocalNationaltop news

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

കോഴിക്കോട് :

നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കി. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ വോട്ടിങ് മെഷീനുകളും അനുബന്ധ രേഖകളും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം അവ പ്രത്യേക മുറികളിലേക്ക് മാറ്റി. അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു. ഓരോ മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ പ്രത്യേകം സ്ട്രോംഗ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. പോളിംഗ് തുടങ്ങിയ ശേഷം കേടായത് ഉള്‍പ്പെടെയുള്ള മെഷീനുകളാണ് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. മോക് പോളിങ് വേളയില്‍ തകരാര്‍ മൂലം മാറ്റിയ ഇ.വി.എമ്മുകളും കരുതല്‍ ശേഖരമായി കൊണ്ടുപോയ വോട്ടിങ് യന്ത്രങ്ങളും ചാത്തമംഗലത്തെ വെയര്‍ഹൗസിലേക്ക് മാറ്റി.

വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും സജ്ജമാക്കിയ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്.                 ബാക്കി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം സ്ട്രോങ് റൂമുകളിലാണുള്ളത്. സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close