
കോഴിക്കോട് : നഗരസഭാ കൗൺസിൽ യോഗ വിവരങ്ങൾ മുൻകൂട്ടി അറിയിക്കാത്ത നടപടിക്കെതിരെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗാരംഭത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് നാലിന് സ്പെഷൽ കൗൺസിൽ ആരംഭിച്ചയുടനെയാണ് പ്രതിഷേധ സൂചകമായി മാധ്യമപ്രവർത്തകർ സഭ ബഹിഷ്ക്കരിച്ച് ഡെപ്യൂട്ടി മേയറോട് പ്രതിഷേധം അറിയിച്ചത്. മേയർ അവധിയിലായിരുന്നു. നഗരസഭാ കൗൺസിൽ യോഗ വിവരങ്ങൾ മാധ്യമങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പതിവ് പതിറ്റാണ്ടുകളായി തുടരുന്നതാണ്. അജണ്ടകൾ ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്ത് സ്റ്റൻസിൽ കോപ്പി എടുക്കുന്ന പഴയ കാലത്തു പോലും നാല് ദിവസം മുൻപെങ്കിലും മാധ്യമങ്ങൾക്ക് കോപ്പി നൽകാറുണ്ടായിരുന്നു. കംപ്യൂട്ടർ വന്നതിനു ശേഷവും ഇത് തുടർന്നു. എന്നാൽ അടുത്ത കാലത്തായി ഹാർഡ് കോപ്പി നൽകുന്നത് നിർത്തി പകരം മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇമെയിൽ ചെയ്ത് തുടങ്ങി. 75 കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും പ്രിൻ്റഡ് കോപ്പി ഇപ്പോഴും മുൻകൂട്ടി നൽകുമ്പോഴാണ് 20 ൽ താഴെ മാത്രം മാധ്യമങ്ങളോട് അവഗണന കാണിക്കുന്നത്. അജണ്ടയിൽ ചേർക്കുന്ന വിവാദ വിഷയങ്ങൾ മാധ്യമങ്ങൾ മുൻകൂർ വാർത്ത നൽകുമോ എന്ന ആശങ്കയാണത്രെ അജണ്ട കോപ്പി നൽകാത്തതിന് കാരണം. ഇമെയിലിൽ ലഭിക്കുന്ന അജണ്ട വിവരങ്ങൾ അനുസരിച്ചാണ് മാധ്യമങ്ങൾ കൗൺസിൽ യോഗങ്ങൾക്ക് എത്താറുള്ളത്. എന്നാൽ കുറച്ചു കാലമായി ഈ പതിവും നിർത്തി. സുഹൃത്തുക്കളായ കൗൺസിലർമാരിൽ നിന്ന് വിവരം അറിഞ്ഞ് കൗൺസിലിന് എത്തേണ്ട ദുരവസ്ഥയിലാണ് മാധ്യമങ്ങൾ. ഫെബ്രുവരി 27ന് വൈകിട്ട് നാലിന് കൗൺസിൽ ചേരുന്ന വിവരം ആരെയും അറിയിച്ചില്ല. മേയർ, , സെക്രട്ടറി, തുടങ്ങിയവരും മാധ്യമപ്രവർത്തകരും അടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പ് നിലവിലുണ്ട്. ഇന്ന് കൗൺസിൽ ഉണ്ടോ എന്ന് ഒരു മാധ്യമപ്രവർത്തക ഗ്രൂപിൽ ചോദിച്ചപ്പോഴാണ് മറ്റ് മാധ്യമ പ്രവർത്തകർ വിവരം അറിയുന്നത്. മേയർ, സെക്രട്ടറി അടക്കമുള്ളവരോട് മുമ്പ് പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ പ്രതിഷേധം . ഡെപ്യൂട്ടി മേയറുമായി ചേംബറിൽ സംസാരിച്ചു പ്രതിഷേധം അറിയിച്ച ശേഷം അവർ കൗൺസിൽ ഹാളിലെത്തി റിപ്പോർട്ടിങ്ങിൽ സജീവമായി. ഇനി ഇത്തരമൊരു പരാതിക്ക് ഇടയുണ്ടാകില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദ് ഉറപ്പുനൽകി. ഈ വിഷയത്തിൽ പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻ കോയയും ഡെപ്യൂട്ടി മേയറെ പ്രതിഷേധം അറിയിച്ചു.