KERALAlocaltop news

ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വേട്ട: കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധിച്ചു

തിരുവല്ല: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടി അപലപനീയവും ഇന്ത്യന്‍ മതേതരത്വത്തോടുള്ള വെല്ലുവിളിയും ആണെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവിച്ചു.

പൊതുസമൂഹത്തെ വര്‍ഗീയവും സങ്കുചിതവുമായി മാറ്റുന്നതും നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും മതേതര – ജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമാണ്. സാമൂഹിക സേവനത്തിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും തെറ്റായ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെ തെളിവാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയവാദികളുടെ പ്രേരണയ്ക്ക് വശംവദരായി ഉദ്യോഗസ്ഥര്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് മൈക്രോമൈനോറിറ്റി ആയ ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close