INDIAKERALAlocaltop newsVIRAL

എൻ രാജേഷ് സ്മാരക പുരസ്ക്കാരം സമ്മാനിച്ചു:ഫാഷിസം നിറഞ്ഞാടുമ്പോൾ മാധ്യമ ഇടപെടൽ അനിവാര്യം -ജോൺ ബ്രിട്ടാസ്​

 

കോഴിക്കോട്​: കേരളത്തിന്​ പുറത്ത്​ ഭരണകൂടങ്ങൾക്കു​ നേരെ കൈവിരലുയർത്താൻ ഒരു മാധ്യമത്തിനും ധൈര്യമില്ലെന്നും ഭരണകൂടത്തിനെതിരെ വിരൽചൂണ്ടുന്ന മാധ്യമങ്ങളെല്ലാം നടപടി നേരിടുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ്​ എം.പി. മാധ്യമം ജേർണലിസ്റ്റ്​ യൂനിയന്‍റെ എൻ. രാജേഷ്​ സ്മാരക പുരസ്കാരം ‘ദി വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണുവിന്​ സമ്മാനിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത്​ ഹിന്ദുത്വ ഫാഷിസം നിറഞ്ഞാടുമ്പോൾ മാധ്യമ ഇടപെടലിന്​ പ്രസക്തി കൂടുകയാണ്​. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾ മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയും വ്യാജ ​വാർത്തകൾ പെരുകുകയും ചെയ്തപ്പോൾ ‘ദ വയർ’ പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളാണ്​ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്​. രാജീവ്​ ഗാന്ധി ബഹുഭൂരിപക്ഷത്തോടെ ഭരണം നടത്തുമ്പോഴും ബോഫോഴ്​സ്​ പോലെ നിരവധി വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ​ മാധ്യമങ്ങൾ ഉയർത്തിയത്​. അത്രയൊന്നും ഭൂരിപക്ഷമില്ലാത്ത മോദി ഭരണകൂടത്തെ വിമർശിക്കാൻ എത്ര മാധ്യമങ്ങളാണ്​ ധൈര്യപ്പെടുന്നത്​? പാർലമെന്‍റിനോടും മാധ്യമങ്ങളോടും പ്രതിബദ്ധതയില്ലാതെയാണ്​ മോദി മുന്നോട്ട്​ പോകുന്നത്​. സിനിമ നടനും ഷെയർ ബ്രോക്കർക്കും മാത്രമാണ്​ അഭിമുഖത്തിന്​ മോദി അവസരം നൽകിയതെന്നും ജോൺ ബ്രിട്ടാസ്​ പരിഹസിച്ചു. ഔദ്യോഗിക സംവിധാനങ്ങൾ പോലും വ്യാജ വാർത്തകൾ പടച്ചുവിടുന്ന കാലത്ത്​ നിരന്തരം സത്യം വിളിച്ചുപറയുകയാണ്​ മാധ്യമങ്ങളുടെ ദൗത്യമെന്ന്​ പുരസ്കാരം സ്വീകരിച്ചുകൊണ്ട്​ ‘ദ വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണു പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ ഐ.ടി സെല്ലുകളും വാട്​സാപ്പ്​ യൂനിവേഴ്​സിറ്റികളും പുറന്തള്ളുന്ന അസത്യങ്ങളെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ്​ ‘ദ വയർ’ ഏറ്റെടുത്തത്​. അസത്യം പറയുന്ന മുഖ്യധാര മാധ്യമങ്ങളിൽനിന്ന്​ ജനം മുഖം തിരിക്കുന്നതാണ്​ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്​. മോദി സർക്കാർ 400ലധികം സീറ്റുകൾ നേടുമെന്ന്​ മാധ്യമങ്ങൾ വിളിച്ചുപറഞ്ഞത്​ ജനം തള്ളിക്കളഞ്ഞു. അസത്യം പ്രചരിപ്പിക്കുമ്പോൾ സത്യം വിളിച്ചുപറയുക എന്നത്​ വിപ്ലവകരമായ മാധ്യമ പ്രവർത്തനമാണ്​. ഫാഷിസത്തെ പ്രതിരോധിക്കാൻ ഇതാണ്​ ഉത്തമ മാർഗ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമം ജേർണലിസ്റ്റ്​ യൂനിയൻ പ്രസിഡന്‍റ്​ എം. ഫിറോസ്​ഖാൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്​ണൻ, മുതിർന്ന പത്ര​പ്രവർത്തകൻ വെങ്കിടേഷ്​ രാമകൃഷ്ണൻ, മാധ്യമം ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. റെജി, പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ ഇ.പി. മുഹമ്മദ്​, കെ.എൻ.ഇ.എഫ്​ ജില്ല പ്രസിഡന്‍റ്​ അബ്​ദുൽ ഹമീദ്​, കെ.യു.ഡബ്ല്യു​.ജെ സംസ്ഥാന കമ്മിറ്റി അംഗം നഹീമ പൂന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു. എം.ജെ.യു സെക്രട്ടറി കെ. സുൽഹഫ്​ സ്വാഗതവും ട്രഷറർ എ. ബിജുനാഥ്​ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close