
കോഴിക്കോട് :
വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫയല്‍ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരില്‍നിന്ന് വിവരം ലഭ്യമാക്കി നല്‍കേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസര്‍ക്കാണെന്നും കമീഷണര്‍ വ്യക്തമാക്കി. വിവരം ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമീഷണര്‍ പറഞ്ഞു.
എസ് ബി സജിത്ത് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ വയനാട് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറുടെ കാര്യാലയത്തിലെ പൊതുവിവരാവകാശ ഓഫീസറോട് നിര്‍ദേശിച്ചു. മലയാളം സര്‍വകലാശാലയിലെ പി എച്ച് ഡി പ്രവേശത്തിനായി നടത്തിയ ഇന്റര്‍വ്യൂവിന് ശേഷം തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പ് ആവശ്യപ്പെട്ട് ശ്രീനാഥ് എന്നയാള്‍ നല്‍കിയ അപേക്ഷയില്‍ രേഖകളുടെ പകര്‍പ്പുകള്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി.
ഒരു സൊസൈറ്റിയുടെ ബൈലോയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ജ്യോതി പവിത്രന്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് കാണാനില്ലെന്ന മറുപടിയാണ് നല്‍കിയത്. ഇത് കമീഷന്‍ അംഗീകരിച്ചില്ല. ഒരു ടീമിനെ വെച്ച് തിരച്ചില്‍ നടത്തി ബൈലോ കണ്ടെത്തി പകര്‍പ്പ് നല്‍കണം. മാനന്തവാടിയില്‍ കടുവ ആക്രമിച്ച് സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ഇനി വല്ല വിവരവും നല്‍കാനുണ്ടെങ്കില്‍ അത് ഉടന്‍ നല്‍കണമെന്ന് മാനന്തവാടി പോലീസ് സ്റ്റേഷനിലെ വിവരാവകാശ ഓഫീസര്‍ക്ക് കമീഷണര്‍ നിര്‍ദേശം നല്‍കി. സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി.




