
കോഴിക്കോട് : മാനാഞ്ചിറ-മലാപറമ്പ് നാലുവരിപാതയുടെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിക്കുന്ന ജോലിക്കിടെ കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലും താഴെ ഗേറ്റിന് സമീപത്തെ ഗവ. എൽ.പി.സ്കൂളിലേക്ക് കയറാനുള്ള സ്ഥലവും ഡിവൈഡർ വച്ച് അടച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സിവിൽ സ്റ്റേഷന് താഴെ ഗേറ്റിന് സമീപം യു ടേൺ വേണമെന്നാണ് ആവശ്യം.
കളക്ടറേറ്റ്-സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ബി ബ്ലോക്കിൽ കോടതി ഉൾപ്പെടെ 58 ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. പി.എസ്.സി, താലൂക്ക് ഓഫീസ്, വേങ്ങേരി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും സിവിൽ സ്റ്റേഷന് താഴെ ഗേറ്റിലൂടെയാണ് പ്രവേശനം. ഇവിടെ ഡിവൈഡർ സ്ഥാപിച്ചതോടെ വാഹനത്തിൽ വരുന്നവർ കളക്ടറേറ്റിന് മുന്നിലെത്തി യുടേൺ എടുക്കണം. ഗവ. എൽ. പി. സ്കൂളിലേക്ക് മലാപറമ്പ, സിവിൽ ഭാഗത്ത് നിന്നുമെത്തുന്ന കുട്ടികൾ സിവിൽ സ്റ്റേഷൻ റോഡിലിറങ്ങി റോഡ് കുറുകെ കടന്നുവേണം സ്കൂളിലെത്താൻ.
ഇവിടെ റോഡ് കുറുകെ കടക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ജീവനക്കാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടു




