
കോഴിക്കോട് : പ്രഖ്യാപനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും യാഥാർത്യമാകാത്ത കോട്ടുളി – സിവിൽ സ്റ്റേഷൻ – കരിക്കാംകുളം റോഡ് ഉടൻ പൂർത്തിയാക്കാൻ ഉടൻ സ്പെഷൽ ടീമിനെ നിയോഗിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വാഹന ബാഹുല്യം മൂലം തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടി സിവിൽറൈറ്റ്സ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിവിൽസ്റ്റേഷനടുത്ത പ്രകൃതി ഹൗസ് മുതൽ മൂലംപളളി വരെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള സ്ഥലം ഏറ്റെടുത്ത് റോഡായി വികസിപ്പിക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിർദ്ദിഷ്ട കോട്ടുളി – സിവിൽ- കരിക്കാംകുളം റോഡിൽ സിവിൽസ്റ്റേഷൻ ഭാഗത്തെ താമസക്കാരാണ് അസോസിയേഷൻ പ്രസിഡൻ്റ് കെ.പി. അബ്ദുൾ ജലീൽ, സെക്രട്ടറി ബാബു ചെറിയാൻ, സീനിയർ അംഗം എം.എം കാദിരിക്കോയ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത് . റോഡ് നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും കോട്ടുളിയിൽ നിന്ന് വരുമ്പോൾ സിവിൽ ഭാഗത്ത് ഏതാണ്ട് 250 മീറ്ററോളം ഭൂമി ഏറ്റെടുത്ത് റോഡാക്കാത്തതിനാൽ തങ്ങളുടെ ഭാഗത്തെ വീതികുറഞ്ഞ ഇടറോഡിലൂടെയാണ് നിരന്തരം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. സർക്കാരിൻ്റെയും നഗരസഭയുടെയും പഴയതും പുതിയതുമായ മാസ്റ്റർപ്ലാൻ അനുസരിച്ച് ടി റോഡിലെ ” പ്രകൃതി ഹൗസ് ” മുതൽ വയനാട് ദേശീയ പാതയിലെ മൂലംപള്ളി വരെ ഏകദേശം 250 മീറ്ററോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. കൂടാതെ പ്രകൃതി ഹൗസ് മുതൽ കോട്ടുളി ഭാഗത്തേക്ക് മാസ്റ്റർ പ്ലാനനുസരിച്ച് റോഡ് വീതി കൂട്ടേണ്ടതുണ്ട്. നാടിൻ്റെ ഈ അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ താഴെ നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട് തങ്ങളുടെ ക്ലേശങ്ങൾ പരിഹരിച്ചു തരണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.. വാഹന ബാഹുല്യം മൂലം തങ്ങളുടെ വീട്ടിൽ നിന്ന് റോഡിലേക്ക് വാഹനം ഇറക്കാനോ നടന്നു പോകാനോ പോലും പലപ്പോഴും കഴിയുന്നില്ല. കുഞ്ഞുമക്കളെ വീട്ടിൽ നിന്ന് പുറത്തിറക്കാൻ ഭയമാണ്. മാത്രമല്ല പ്രകൃതി ഹൗസ് മുതൽ കോട്ടുളി ഭാഗത്തേക്ക് റോഡിനോടു ചേർന്ന വലതു ഭാഗത്തെ ഭൂമി പഴയ ഭൂവുടമയായ പൊറ്റങ്ങാടി ബാലരാമൻ , രാജൻ എന്നിവർ സൗജന്യമായി വിട്ടു നൽകിയതാണ്. ഈ ഭൂമി ചിലർ കൈയടക്കി വച്ചതും നാട്ടുകാർ മന്ത്രിയെ ധരിപ്പിച്ചു. 16 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാനുള്ള സ്ഥലം ഇങ്ങനെ സൗജ്യനമായി വിട്ടുനൽകിയിട്ടും, പിന്നീട് ഇവിടെ സ്ഥലം വാങ്ങി വീടു നിർമ്മിച്ച ചിലർ ആ സൗജന്യ ഭൂമി കൈയടക്കി അനധികൃതമായി മതിൽ കെട്ടി അധീനതയിലാക്കി വച്ചിരിക്കയാണ്. അവരുടെ ആധാരം പരിശോധിച്ച് എത്രയും വേഗം മേൽ സൗജന്യഭൂമി ഏറ്റെടുത്ത് റോഡാക്കി വികസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പടം: സിവിൽറൈറ്റ്സ് റസിഡൻസ് അസോസിയേഷൻ സമർപ്പിച്ച നിവേദനത്തിൽ മന്ത്രി മുഹമ്മദ്റിയാസ് ഒപ്പുവയ്ക്കുന്നു. മാസ്റ്റർ പ്ലാനും കാണാം