
കോഴിക്കോട് : പുതിയ സ്റ്റാന്‍ഡ് നവീകരണത്തിനുള്ള 18 കോടിയുടെ പദ്ധതിക്കുള്ള വിശദപദ്ധതി രേഖയ്ക്ക് കോഴിക്കോട് നഗരസഭാ കൗൺസിലിൽ ഡോ. ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം.
പുതിയ സ്റ്റാന്‍ഡിനായി 27 കോടിയുടെ മാസ്റ്റര്‍പ്ലാനാണ് തയ്യാറാക്കിയത്. ആദ്യഘട്ടമെന്ന രീതിയിലാണ് നിലവിലുള്ള രീതിയില്‍ തന്നെ ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയുന്നത്. നടുവിലുള്ള ബ്ലോക്ക് പൊളിച്ചുമാറ്റി പണിയും. 2020- ല്‍ പദ്ധതിത്തുക 11 കോടിയായിരുന്നു. പിന്നീടുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് ഇപ്പോഴുള്ള രീതിയിലായത്. പി.സി. റഷീദ് ആന്‍ഡ് അസോസിയേറ്റ്സാണ് വിശദപദ്ധതിരേഖ തയ്യാറാക്കിയത്.
കൗണ്‍സില്‍ അംഗീകാരം സര്‍ക്കാരിലേക്ക് അയച്ച് അനുമതി ലഭിക്കണമെങ്കിൽ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നു യുഡിഎഫിലെ കെ. മൊയ്തീന് കോയ പരിഹസിച്ചു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയാണ് പദ്ധതിരേഖ അംഗീകാരത്തിലൂടെയെന്ന് ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദ് പറഞ്ഞു.
നഗരത്തിലെ പല ഭാഗങ്ങളിലും അജൈവമാലിന്യം ചാക്കിലാക്കി അട്ടി വെച്ചത് നീക്കിയിട്ടില്ലെന്ന് കെ. സി. ശോഭിത ശ്രദ്ധക്ഷണിച്ചു. നഗരത്തിൽ സ്ഥാപിച്ച ട്വിൻ’ ബിന്നുകളിൽ നിറയെ കുട്ടികളുടെയും മറ്റും ഡയപ്പറുകൾ നിക്ഷേപിക്കുകയാണ്.
തെര്‍മോകോള്‍ കൂടി എടുക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ മാലിന്യം കൂടിയതെന്നും ഗോഡൗണില്‍ സ്ഥലമില്ലാത്തതിനാലാണ് ശേഖരിച്ചുവെച്ചിട്ടുള്ളതെന്നും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
ടി. മുരളീധരന്, ടി. രെനീഷ്, കെ. പി. രാജേഷ് കുമാര്‍, ഓമന മധു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു.
കിഡ്സണ്‍ കോര്‍ണർ, സ്റ്റേഡിയം എന്നിവിടങ്ങളിലെ പാര്‍ക്കിങ് പ്ലാസയ്ക്ക് ഉടന്‍ അനുമതി നല്കണമെന്നുള്ള കെ. മൊയ്തീന്‍കോയയുടെ അടിയന്തരപ്രമേയത്തിന് മേയര്‍ അവതരണാനുമതി നിഷേധിച്ചു. പാര്‍ക്കിങ് വിഷയം പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പരിഗണനയിലുള്ളതാണെന്നും മേയർ പറഞ്ഞു.



