KERALAlocalSportstop newsVIRAL

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അഞ്ചാം പത്തിയായി : ശശികുമാര്‍

 

കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി അധ:പതിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല, ജനാധിപത്യത്തിനും അതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കും വലിയ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു.

സ്പോര്‍ട്സ് ജേര്‍ണലിസത്തിന് വലിയ സംഭാവന നല്‍കിയ പത്രപ്രവര്‍ത്തകൻ വിംസീയുടെ (വി എം ബാലചന്ദ്രന്‍) ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു മമ്മുട്ടി നായകനായ  “ലൗഡ് സ്പീക്കർ ” സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ കൂടിയായ അദ്ദേഹം.

മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യന്‍ മാധ്യമ പത്രപ്രവര്‍ത്തനം അപകടകരമാംവിധം താഴേക്ക് പോവുകയാണ്. പത്രപ്രവര്‍ത്തനം പലവിധത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന അവസ്ഥയയുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നു. ആദരവല്ല, പത്രപ്രവര്‍ത്തകന്‍ പ്രകടിപ്പിക്കേണ്ടത്, മറിച്ച് അനാദരവാണ് അവര്‍ മുഖമുദ്രയായി കാണേണ്ടത്. അനാദരവ് ഇല്ലാത്ത പത്രപ്രവര്‍ത്തനം യഥാര്‍ഥത്തില്‍ പത്രപ്രവര്‍ത്തനമല്ല. ഇന്ന് പത്രപ്രവര്‍ത്തന സ്ഥാപനങ്ങള്‍ ലാഭം മാത്രം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് അങ്ങനെയായിരുന്നില്ല.

സ്വാതന്ത്ര്യസമരകാലത്ത് അഭിഭാഷകരും പത്രപ്രവര്‍ത്തകരുമാണ് പ്രധാനമായും രംഗത്തുണ്ടായിരുന്നത്. ആദര്‍ശങ്ങള്‍ക്കുവേണ്ടിയായിരുന്നു അന്നത്തെ പത്രപ്രവര്‍ത്തനം. ഇന്ന് സാമ്പത്തികം മാത്രമാണ് നോട്ടം. ശശികുമാര്‍ പറഞ്ഞു.

യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമേഖലയെ തിരിച്ചു പിടിക്കേണ്ട അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് പി.പി അബൂബക്കര്‍ അധ്യക്ഷനായി. വിംസീ അവാര്‍ഡ് നേടിയ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം പി മാളവികക്ക് വേണ്ടി അമ്മ മിനി പ്രസാദ് ശശികുമാറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സി.പി വിജയകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ ഇന്ത്യൻ ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി വിജയകുമാര്‍, വിംസീയുടെ സഹോദരന്‍ വി എം വേണുഗോപാല്‍,, കൊച്ചുമകൾ അനു കൃഷ്ണന്‍, മാളവികയുടെ കോച്ച് ധനീഷ് ബങ്കളം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് എം. സുധീന്ദ്രകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അശോക് ശ്രീനിവാസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close