തിരുവല്ല .
സാമ്പത്തിക പ്രതിസന്ധി ഉള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സർക്കാർ നൽകിയിരുന്ന സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയിരുന്ന തുക 50 ശതമാനമായി കേരള സർക്കാർ വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസ്‌താവിച്ചു. സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനസഹായം ആയി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടി കുറച്ച സർക്കാർ ന്യൂനപക്ഷേതര വകുപ്പുകളിൽ കുറച്ചത് സ്കോളർഷിപ്പ് ഒഴികെയുള്ള പദ്ധതികൾ മാത്രമാണ് എന്നത് ഇക്കാര്യത്തിൽ ന്യൂനപക്ഷ വകുപ്പിൻ്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത പല കാര്യങ്ങളിലും അനാവശ്യ ചെലവ് നടത്തുന്ന സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തെ സഹായിക്കുന്ന സ്കോളർഷിപ്പുകളുടെ തുക വെട്ടിക്കുറച്ചത് അപലപനീയമാണ്. പഠനത്തിൽ സമർത്ഥരും സാമ്പത്തിക പ്രയാസം ഉള്ളവരും ആയ വലിയൊരു വിഭാഗത്തെ ദോഷമായി ബാധിക്കുന്ന ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സ്കോളർഷിപ്പുകൾ തുടർന്ന് ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണം ചെയ്യണമെന്നും കെസിസി പ്രസിഡൻറ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ റവ. ഡോ. റ്റി. ഐ. ജെയിംസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു